CWG 2022 : ഫെര്‍ഡിനാഡ് ഒമാനിയാല വേഗമേറിയ പുരുഷതാരം; വനിതകളില്‍ എലൈൻ തോംപ്‌സണ്‍
ജമൈക്കയുടെ എലൈൻ തോംപ്‌സണ്‍ കോമണ്‍വെൽത്ത് ഗെയിംസിലെ വേഗമേറിയ വനിതാ താരമായി
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ(Commonwealth Games 2022) ഏറ്റവും വേഗമേറിയ പുരുഷതാരമായി കെനിയയുടെ ഫെര്‍ഡിനാഡ് ഒമാനിയാല(Ferdinand Omanyala). 100 മീറ്റർ ഫൈനലിൽ 10.02 സെക്കന്‍റില്‍ ഓടിയെത്തിയാണ് ഫെര്‍ഡിനാഡ് ഒമാനിയാല വേഗരാജാവായത്. 10.13 സെക്കന്‍റില്‍ ഓടിയെത്തിയ ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബെനിയക്കാണ്(Akani Simbine) വെള്ളി. ശ്രീലങ്കയുടെ യുപ്പുൻ( Yupun Abeykoon) വെങ്കലവും സ്വന്തമാക്കി. ഗെയിംസ് ചരിത്രത്തില്‍ 100 മീറ്ററില്‍ ആദ്യമായാണ് ഒരു കെനിയന്‍ താരം സ്വര്‍ണം നേടുന്നത്.
ജമൈക്കയുടെ എലൈൻ തോംപ്‌സണ്‍(Elaine Thompson-Herah) കോമണ്‍വെൽത്ത് ഗെയിംസിലെ വേഗമേറിയ വനിതാ താരമായി. ഒളിംപിക് സ്വര്‍ണമെഡൽ ജേതാവായ എലൈൻ 10.95 സെക്കന്‍റിലാണ് ഫിനിഷ് ചെയ്തത്. സൈന്‍റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് വെള്ളിയും ഇംഗ്ലണ്ടിന്‍റെ ഡാരിൽ നൈറ്റ വെങ്കലവും നേടി. 100 മീറ്ററിൽ രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണം നേടിയിട്ടുള്ള എലൈൻ തോംപ്‌സണ്‍ ആദ്യമായാണ് കോമണ്‍വെൽത്ത് ഗെയിംസിൽ 100 മീറ്ററിൽ ജേതാവാകുന്നത്. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിലാണ് ബര്‍മിംഗ്‌ഹാമിലെ സ്വര്‍ണനേട്ടം.
കോമണ്‍വെത്ത് ഗെയിംസ് ഹൈജംപില്‍ ഇന്ത്യയുടെ തേജസ്വിൻ ശങ്കര്‍ ചരിത്ര വെങ്കലം കരസ്ഥമാക്കിയതും സവിശേഷതയാണ്. 2.22 മീറ്റര്‍ ചാടിയാണ് തേജ്വസിന്‍റെ നേട്ടം. കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ എന്ന പ്രത്യേകത കൂടിയുണ്ട് തേജ്വസിന്‍റെ നേട്ടത്തിന്. ന്യൂസിലൻഡിന്‍റെ ഹാമിഷ് കേര്‍ സ്വര്‍ണവും ഓസ്ട്രേലിയയുടെ ബ്രാൻഡൻ സ്റ്റാര്‍ക്ക് വെള്ളിയും നേടി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാര്‍ക്കിന്‍റെ സഹോദരനാണ് ബ്രാൻഡൻ സ്റ്റാര്‍ക്ക്. അതേസമയം സ്ക്വാഷിൽ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെങ്കലം ലഭിച്ചു. സൗരവ് വെങ്കല മെഡൽ പോരാട്ടത്തിൽ 3-0ന് ഇംഗ്ലണ്ട് താരം ജയിംസ് വിൽസ്ട്രോപിനെ തോൽപിച്ചു. കോമൺവെൽത്ത് ഗെയിംസ് സ്ക്വാഷിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യ വ്യക്തിഗത മെഡലാണിത്.