ഫ്രഞ്ച് ഓപ്പൺ കളിക്കാൻ ഫെഡറർ എത്തും
പരിക്കിനെത്തുടർന്ന് ഒരുവർഷത്തിലേറെയായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ഫെഡറർ ഈ വർഷം ഇതുവരെ ഒരു ടൂർണമെന്റിൽ മാത്രമാണ് കളിച്ചത്.
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. മെയ് 30 മുതലാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ് തുടക്കമാവുന്നത്. കഴിഞ്ഞ വർഷം കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 39കാരനായ ഫെഡറർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു.
20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള ഫെഡറർക്ക് കരിയറിൽ ഒരു തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കാനായത്. 2008ലായിരുന്നു ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ ചാമ്പ്യനായത്. 2019ൽ ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തിയെങ്കിലും നദാലിന് മുന്നിൽ തോറ്റ് പുറത്തായി.
പരിക്കിനെത്തുടർന്ന് ഒരുവർഷത്തിലേറെയായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ഫെഡറർ ഈ വർഷം ഇതുവരെ ഒരു ടൂർണമെന്റിൽ മാത്രമാണ് കളിച്ചത്. അടുത്ത മാസം ആദ്യം മാഡ്രിഡ് ഓപ്പണിലൂടെ ഫ്രഞ്ച് ഓപ്പണുള്ള സന്നാഹം തുടങ്ങാനായിരുന്നു ഫെഡററുടെ പദ്ധതിയെങ്കിലും മെയ് 16ന് ആരംഭിക്കുന്ന ജനീവ ഓപ്പണിലെ താൻ കളിക്കൂവെന്നാണ് ഫെഡറർ ഇപ്പോൾ വ്യക്തമാക്കുന്നത്.
കരിയറിൽ 103 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഫെഡറർക്ക് 2015നുശേഷം കളിമൺ കോർട്ടിൽ കിരീടങ്ങളൊന്നും നേടാനായിട്ടില്ല. ഈ വർഷത്തെ വിംബിൾഡണും ടോക്കിയോ ഒളിംപിക്സ് സ്വർണവുമാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് 40കാരനായ ഫെഡറർ നേരത്തെ വ്യക്തമാക്കിയിരുന്നു.