എം ശ്രീശങ്കര്‍ ചാടി തെളിയിച്ചു; പരിശീലകന്‍റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍
മലയാളി താരത്തെ അച്ഛന്‍ പരിശീലിപ്പിക്കുന്നതിൽ എതിര്‍പ്പില്ലെന്ന് എഎഫ്‌ഐ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് ഭാനോട്ട് ഏഷ്യാനെറ്റ് ന്യൂസിനോട്
തിരുവനന്തപുരം: ലോംഗ് ജംപ് താരം എം ശ്രീശങ്കറിന്‍റെ (M Sreeshankar) പരിശീലകനെ നിയമിക്കുന്നതിൽ നിലപാട് മയപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (Athletics Federation of India- AFI). മലയാളി താരത്തെ അച്ഛന്‍ പരിശീലിപ്പിക്കുന്നതിൽ എതിര്‍പ്പില്ലെന്ന് എഎഫ്‌ഐ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് ഭാനോട്ട് (Dr. Lalit K Bhanot) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ടോക്കിയോ ഒളിംപിക്‌സ് ലോംഗ് ജംപില്‍ എം ശ്രീശങ്കര്‍ 8 മീറ്റര്‍ ദൂരം കടക്കാതെ പുറത്തായതിന് പിന്നാലെ അച്ഛനും പരിശീലകനുമായ എസ് മുരളിക്കെതിരെ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. പരിശീലകനെ മാറ്റിയില്ലെങ്കില്‍ ഇന്ത്യക്കായി മത്സരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. എന്നാൽ മുരളിക്ക് കീഴിൽ തന്നെ പരിശീലനം തുടര്‍ന്ന ശ്രീശങ്കര്‍ ഈ മാസം ആദ്യം ഇന്ത്യന്‍ ഓപ്പൺ ജംപില്‍ 8.17 മീറ്റര്‍ പിന്നിട്ട് ഫോം തെളിയിച്ചു. പിന്നാലെയാണ് എഎഫ്‌ഐയുടെ നിലപാട് മാറ്റം
നിലവില്‍ പാലക്കാട്ട് പരിശീലനം നടത്തുന്ന ശ്രീശങ്കര്‍ അടുത്ത മാസത്തെ ഫെഡറേഷന്‍ കപ്പിലാകും ഇനി മത്സരിക്കുക. കോമൺവെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തയ്യാറെടുപ്പുകള്‍ക്കായി മെയ് മാസത്തില്‍ വിദേശത്തേക്ക് മാറാനാണ് ശ്രീശങ്കറിന്‍റെ ആലോചന.
ടോക്കിയോ ഒളിംപിക്‌സിലെ നിരാശയ്ക്ക് ശേഷമുള്ള ആദ്യ ഊഴത്തിൽ തന്നെ 8 മീറ്റർ മറികടന്നായിരുന്നു ഇന്ത്യൻ ഓപ്പൺ ജംപ്‌സ് ചാമ്പ്യൻഷിപ്പിൽ വിമർശകർക്ക് എം ശ്രീശങ്കറിന്‍റെ മറുപടി. 8.14 മീറ്ററിൽ തുടങ്ങിയ ശ്രീശങ്കർ അവസാന ശ്രമത്തിൽ 8.17 മീറ്റർ ദൂരം കണ്ടെത്തി ഒന്നാമനായി. കഴിഞ്ഞ വർഷം 8.26 മീറ്റർ ദൂരത്തോടെ ദേശീയ റെക്കോർഡ് സ്വന്തമാക്കിയ ശ്രീശങ്കറിന് ടോക്കിയോ ഒളിംപിക്‌സിൽ 7.63 ദൂരം കണ്ടെത്താനേ കഴിഞ്ഞിരുന്നുള്ളൂ. യോഗ്യതാ റൗണ്ടിൽ പതിമൂന്നാം സ്ഥാനത്താവുകയും ചെയ്‌തു.
M Sreeshankar : ടോക്കിയോ നിരാശ പഴങ്കഥ; ജംപിംഗ് പിറ്റില്‍ 'ഗോള്‍ഡണ്‍ ഫ്ലൈ'യുമായി എം ശ്രീശങ്കര്‍