നീരജിനെ മറികടന്ന് ഒളിംപിക് സ്വര്‍ണം നേടിയ അര്‍ഷാദിന് സമ്മാനം ആള്‍ട്ടോ കാര്‍, പാക് വ്യവസായിയെ പൊരിച്ച് ആരാധകര്‍

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാക് വ്യവസായിയെ ആരാധകര്‍ പൊരിച്ചത്.

Fan roasts Pakistan businessman for Suzuki Alto gift for Arshad Nadeem

കറാച്ചി:പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്തള്ളി ഒളിംപിക് സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് സുസുകി ആള്‍ട്ടോ കാര്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് പാക് വ്യവസായിക്ക് വിമര്‍ശനം. പാക് വംശജനും അമേരിക്കയില്‍ വ്യവസായിയുമായ അലി ഷെയ്ഖാനിയാണ് അര്‍ഷാദിന് ആള്‍ട്ടോ കാര്‍ സമ്മാനമായി പ്രഖ്യാപിച്ചതെന്ന് പാകിസ്ഥാനി ആക്ടിവിസ്റ്റായ സയ്യദ് സഫര്‍ ജഫ്രിയാണ് വീഡിയോയിലൂടെ പറഞ്ഞത്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാക് വ്യവസായിയെ ആരാധകര്‍ പൊരിച്ചത്. ഇന്ത്യയില്‍ ഏഴ് ലക്ഷം രൂപയും പാകിസ്ഥാനി രൂപയില്‍ 23.31 ലക്ഷവും വിലയുള്ള ആള്‍ട്ടോ കാറാണോ ഒളിംപിക് ജേതാവിന് സമ്മാനമായി നല്‍കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഇത്തരം വിലകുറഞ്ഞ സമ്മാനങ്ങള്‍ നല്‍കുന്നതിന് പകരം അര്‍ഷാദിന്‍റെ ന്യൂട്രീഷനിസ്റ്റിനെയോ ട്രെയിനറെയോ സപ്പോര്‍ട്ട്/ടെക്നിക്കല്‍ സ്റ്റാഫിനെയോ താങ്കള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാമായിരുന്നില്ലെ എന്നാണ് ആരാധകര്‍ അലി ഷെയ്ഖാനിയോട് ചോദിക്കുന്നത്. ആള്‍ട്ടോ കാറാണ് സമ്മാനമായി നല്‍കുന്നതെങ്കില്‍ അര്‍ഷാദിന് ഇരിക്കാനായി റൂഫ് പൊളിക്കേണ്ടിവരുമെന്ന് മറ്റൊരു ആരാധകന്‍ സമൂഹമധ്യമങ്ങളില്‍ കുറിച്ചു. ഇന്ന് പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ മുഖ്യമന്ത്രി അര്‍ഷാദിന് ഹോണ്ട സിവിക് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് എരുമയെ സമ്മാനമായി നല്‍കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അര്‍ഷാദിന്‍റെ ഭാര്യ പിതാവായ മുഹമ്മദ് നവാസാണ് ഒളിംപിക് ചാമ്പ്യന് എരുമയെ സമ്മാനമായി നല്‍കിയത്. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്ന് നവാസ് വ്യക്തമാക്കിയിരുന്നു.

നീരജിനെ പിന്നിലാക്കി ജാവലിന്‍ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ പിതാവിന്‍റെ സമ്മാനം എരുമ

ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യൻ കൂടിയായിരുന്ന ഇന്ത്യയുടെ നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 92.97 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍ഷാദ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.  വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. ഇന്നലെ പാകിസ്ഥാനിലെത്തിയ അര്‍ഷാദിന് വിരോചിത വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഞായറാഴ്ച ലാഹോര്‍ വിമാനത്താവളത്തിലെത്തിയ അര്‍ഷാദിനെ എത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ലാഹോര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയിട്ടും ആയിരക്കണക്കിനാരാധകരാണ് അര്‍ഷാദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios