ഒ എം നമ്പ്യാർ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
രാജ്യം കണ്ട എക്കാലത്തെയും മികച്ച കായിക പരിശീലകനാണ് കേരളം ആദരവോടെ വിട ചൊല്ലിയത്
കോഴിക്കോട്: പ്രശസ്‌ത കായിക പരിശീലകന്‍ ഒ എം നമ്പ്യാർ ഇനി ഓർമ. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് വടകരയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
രാജ്യം കണ്ട എക്കാലത്തെയും മികച്ച കായിക പരിശീലകനാണ് കേരളം ആദരവോടെ വിട ചൊല്ലിയത്. വടകര മണിയൂരിലെ ഒതയോത്തു വീടിനോട് ചേർന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്‌കരിച്ചപ്പോള്‍ എല്ലാറ്റിനും കണ്ണീരോടെ സാക്ഷിയായി പ്രിയ ശിഷ്യ പി ടി ഉഷയുമുണ്ടായിരുന്നു. രാവിലെ മുതൽ നിരവധി പേരാണ് നമ്പ്യാരെ അവസാനമായി കാണാൻ വീട്ടിലേക്കെത്തിയത്. സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാനും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും വിവിധ ജനപ്രതിനിധികളും നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.
വലിയ ശൂന്യത: പി ടി ഉഷ
''എന്റെ ഗുരു, പരിശീലകന്‍, വഴിക്കാട്ടി... അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താന്‍ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്. എന്റെ ജീവിതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഒ എം നമ്പ്യാര്‍ സാറെ തീര്‍ച്ചയായും മിസ് ചെയ്യും.'' ഉഷ ഫേസ്‌ബുക്കില്‍ കുറിച്ചു.
1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ ചുമതലയേറ്റ ശേഷമാണ് ഉഷയെ ഒ എം നമ്പ്യാര്‍ കണ്ടെടുക്കുന്നത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ ഉഷയുടെ വിജയകഥയാണ്. 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷയ്‌ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു- ശിഷ്യ ബന്ധം നീണ്ടു. പതിനാലര വര്‍ഷം ഉഷയെ നമ്പ്യാര്‍ പരിശീലിപ്പിച്ചു.
കായിക സംഭാവനകള്‍ക്ക് ഒ എം നമ്പ്യാര്‍ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1985ല്‍ രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ചു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് അദ്ദേഹം.
പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു
'വലിയ ശൂന്യത...'; പ്രിയ പരിശീലകന്‍ ഒ എം നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ച് പി ടി ഉഷ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona