കയ്യൊഴിഞ്ഞ് നടത്തിപ്പ് കമ്പനി, ഇടപെടാതെ സര്‍ക്കാര്‍; പച്ചപിടിക്കാന്‍ കൊതിച്ച് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
സ്റ്റേഡിയത്തിൻറെ ഭാഗമായ സ്‌പോർട്‌സ് ഹബ്ബിലെ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ നശിക്കുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്തിൻറെ കായികമേഖലയുടെ മുഖമുദ്രയായിരുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം നശിക്കുന്നത് കണ്ടിട്ടും അനങ്ങാതെ സർക്കാർ. സ്റ്റേഡിയത്തിൻറെ ഭാഗമായ സ്‌പോർട്‌സ് ഹബ്ബിലെ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ നശിക്കുകയാണ്. നടത്തിപ്പുകാരായ ഐഎൽ ആൻറ് എഫ്എസ് വൻകടക്കെണിയിലായതാണ് സ്റ്റേഡിയത്തിൻറെ നാശത്തിന് കാരണം.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രധാന സിംമ്മിംഗ് പൂളിന് പുറമേ കുട്ടികള്‍ക്കുള്ള മറ്റൊരു സിമ്മിംഗ് പുള്‍, ജിം, സ്ക്വാഷ് ക്വാർട്ട്, ബില്യാർഡ്‌സ്, ക്രിക്കറ്റ് പരിശീലന കേന്ദ്രം, ശുചിമുറികൾ എന്നിവയെല്ലാം അന്താരാഷ്‌ട്രനിലവാരത്തിലുള്ള സംവിധാനങ്ങളാണ്. കുംബ്ലെ അക്കാദമി അടക്കം നിരവധി പരിശീലന സ്ഥാപനങ്ങള്‍ ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംരക്ഷിക്കാനാളില്ലാതെ എല്ലാം നശിക്കുന്നു.
ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമ്മിച്ച ഐഎൽ ആൻറ് എഫ്എസ് എന്ന കമ്പനിയാണ് സ്‌പോർട്സ് ക്ലബും നടത്തിയിരുന്നത്. 350 കോടി ചെലവാക്കിയാണ് കമ്പനി സ്റ്റേഡിയവും അനുബന്ധ നിർമ്മാണവും നടത്തിയത്. ക്ലബും ഹോട്ടലും കണ്‍വെൻഷൻ സെന്‍ററുമെല്ലാം നടത്തി 12 വർഷത്തിനുള്ളിൽ കമ്പനി മുടക്കമുതലും ലാഭവുമെടുക്കണമെന്നായിരുന്നു സര്‍ക്കാരുമായുള്ള ധാരണപത്രം.
അങ്ങനെ കമ്പനി ട്രിവാൻഡ്രം ജിംഗാന എന്ന ക്ലബുണ്ടാക്കി. 50,000 മുതൽ മൂന്നു ലക്ഷംവരെ അംഗത്വഫീസ് പിരിച്ച് 500 പേരെ ചേർത്തു. കൊവിഡായതോടെ സ്ഥാപനം അടച്ചു. ഇപ്പോള്‍ അടച്ച പണവും തിരികെ കിട്ടുന്നില്ല. ക്ലബ് ഉപയോഗിക്കാനും അംഗങ്ങള്‍ക്ക് പറ്റുന്നില്ല. സ്ഥാപനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിരവധി പ്രാവശ്യം ക്ലബ് അംഗങ്ങള്‍ കത്തയച്ചു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ക്ലബ് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കരാർ കമ്പനിക്കാണെന്നാണ് സർക്കാർ നിലപാട്. അതേസമയം കമ്പനി പ്രതിനിധികളോ ജീവനക്കാരോ ഇപ്പോള്‍ കേരളത്തിലില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona