ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍
ന്യൂസിലന്‍ഡിനായി ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ബെര്‍മിംഗ്ഹാമില്‍ ആരംഭിക്കും.
ലണ്ടന്‍: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 273 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നിന് 170 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 378 & 169/6 ഡി. ഇംഗ്ലണ്ട് 275 & 170/3. ന്യൂസിലന്‍ഡിനായി ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ബെര്‍മിംഗ്ഹാമില്‍ ആരംഭിക്കും.
103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായിരുന്നു ന്യൂസിലന്‍ഡ് നേടിയിരുന്നത്. 200 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയുടെ കരുത്തില്‍ കിവീസ് നേടിയ 378നെതിരെ ഇംഗ്ലണ്ട് 275ന് എല്ലാവരും പുറത്തായി. 132 റണ്‍സ് നേടിയ റോറി ബേണ്‍സായിരുനനു ടോപ് സ്‌കോറര്‍. ടിം സൗത്തി കിവീസിനായി ആറ് വിക്കറ്റ് വീഴ്ത്തി. കെയ്്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് ആറിന് 169 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ട് സെഷന്‍ ശേഷിക്കെ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നില്‍വച്ചത്. എന്നാല്‍ മൂന്നിന് 170 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. നീല്‍ വാഗ്നര്‍ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.