കേരളത്തിന്റെ അഭിമാനതാരം വി.കെ. വിസ്‌മയക്ക് സ്വപ്‌ന വീടൊരുക്കി ഡിവൈഎഫ്ഐ
വാടക വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മാറുന്നതിന്‍റെ സന്തോഷത്തിലാണ് വി.കെ. വിസ്മയ.
കോതമംഗലം: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായ കായിക താരം വി.കെ. വിസ്‌മയക്ക് സ്വപ്‌ന വീട് ഒരുങ്ങി. എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപം വലിയപാറയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിസ്‌മയക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്.
ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയതിന് പിന്നാലെയായിരുന്നു വീട് പണിത് നല്‍കാമെന്ന് വിസ്‌മയക്ക് ഡിവൈഎഫ്‌ഐ വാഗ്‌ദാനം ചെയ്‌തിരുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം. സ്വരാജ്, ആന്റണി ജോണ്‍ എംഎല്‍എ തുടങ്ങിയവരൊക്കെ പങ്കെടുത്ത പൊതുയോഗത്തില്‍ കോതമംഗലത്തായിരുന്നു പ്രഖ്യാപനം.
പണി പൂര്‍ത്തിയായതോടെ വാടക വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മാറുന്നതിന്‍റെ സന്തോഷത്തിലാണ് വി.കെ. വിസ്മയ. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ പുതിയ വീടിന്‍റെ താക്കോല്‍ വിസ്മയയുടെ അമ്മയ്‌ക്ക് കൈമാറി. വീട് നിര്‍മ്മിച്ച് നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരോടും നന്ദി പറഞ്ഞു വിസ്മയ.
കണ്ണൂരിലും കോതമംഗലത്തുമായി വാടക വീട്ടിലായിരുന്നു വിസ്മയയുടെയും കുടുംബത്തിന്‍റേയും താമസം. കണ്ണൂര്‍ സ്വദേശിയായ വി.കെ. വിസ്മയ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെത്തിയതോടെയാണ് കായിക രംഗത്തെ കുതിപ്പ് തുടങ്ങിയത്.
ഇനി മുന്നില്‍ ഒളിംപിക് മെഡല്‍
2018ലെ ഏഷ്യന്‍ ഗെയിംസിന്റെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ വനിത ടീമിലംഗമായിരുന്നു. 2019ല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്റര്‍ റിലേയിലും 4x400 മീറ്റര്‍ മിക്‌സഡ് റിലേയിലും വെള്ളി കരസ്ഥമാക്കി. ഇതേവര്‍ഷം ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍റെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ഹീറ്റ്‌സില്‍ 3:16:14 സമയം കുറിച്ച് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ വിസ്‌മയ ഇപ്പോള്‍ പട്യാലയില്‍ പരിശീലനത്തിലാണ്.
ഒളിംപിക്സ് മെഡലിനൊപ്പം സ്വന്തമായൊരു വീടും വേണം; സ്വപ്നം പങ്കുവെച്ച് വി കെ വിസ്മയ