'സത്യം പറയുന്നതിന് എന്നെ കൊന്നാലും കുഴപ്പമില്ല', ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ വരൾച്ചയെക്കുറിച്ച് സുനിൽ ഛേത്രി
ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് കുറവില്ല, പക്ഷെ അവരെ കണ്ടെത്തുകയും വളരാനുള്ള സാഹചര്യം ഒരുക്കുകയും അവരെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിലാണ് നമുക്ക് പിഴക്കുന്നത്.
ദില്ലി: ഒളിംപിക്സില്‍ ഇന്ത്യ ചൈനയെയും അമേരിക്കയെയും ഓസ്ട്രേലിയയെയും പോലെ കൂടുതല്‍ മെഡലുകള്‍ നേടാത്തതിനെക്കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ സുനില്‍ ഛേത്രി. 150 കോടി ജനങ്ങളുണ്ടായിട്ടും കഴിഞ്ഞ ഒളിംപിക്സില്‍ നേടിയ ഏഴ് മെഡലുകളാണ് ഒളിംപിക്സില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഛേത്രിയുടെ തുറന്ന മറുപടി.
150 കോടി ജനങ്ങളുണ്ടായിട്ടും നമ്മള്‍ ഒളിംപിക്സില്‍ മറ്റ് രാജ്യങ്ങളെപ്പോലെ മെഡലുകള്‍ നേടുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ വസ്തുതാപരമായി അത് ശരിയല്ല. സ്വാഭാവിക പ്രതിഭകളെ കണ്ടെത്താന്‍ കഴിയാത്താനും അവരെ വളര്‍ത്തിയെടുക്കാനും കഴിയാത്തതാണ് ഒളിംപിക്സ് പോലുള്ള കായിക മേളകളില്‍ ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചക്ക് കാരണം. ചൈന, ജപ്പാന്‍, ജര്‍മനി, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഒളിംപിക്സില്‍ ഇന്ത്യയെക്കാള്‍ കാതങ്ങള്‍ മുന്നിലാണ്.
150 കോടി ജനതയുള്ള ഒരു രാജ്യം ഒളിംപിക്സ് പോലെ വിശ്വകായിക മേളകളില്‍ കൂടുതല്‍ പ്രതിഭകളെ പങ്കെടുപ്പിക്കേണ്ടതാണ്. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് കുറവില്ല, പക്ഷെ അവരെ കണ്ടെത്തുകയും വളരാനുള്ള സാഹചര്യം ഒരുക്കുകയും അവരെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിലാണ് നമുക്ക് പിഴക്കുന്നത്. പ്രതിഭകള്‍ക്ക് രാജ്യത്തില്‍ കുറവില്ലെന്നത് 100 ശതമാനം ശരിയാണ്. ആന്‍ഡമാനില്‍ നിന്നുള്ള അഞ്ച് വയസുകാരമനായ ഒരു കുട്ടി ഫു്ടബോളിലും ജാവലിന്‍ ത്രോയിലും ക്രിക്കറ്റിലുമെല്ലാം മിടുക്കനായാലും അവന് എങ്ങനെ അടുത്ത തലത്തിലേക്ക് എത്തണമെന്ന് അറിയില്ല.
Why India win less medals in Olympics: Sunil Chhetri pic.twitter.com/WF9PrmUFIs
— Gems of Shorts (@Warlock_Shabby) July 31, 2024
സ്വാഭാവികമായും അവന്‍ ആദ്യകാല പ്രകടനത്തിനുശേഷം വിസ്മൃതിയിലാവും. പിന്നീട് ഏതെങ്കിലും കോള്‍ സെന്‍ററില്‍ അവന്‍ ജോലി ചെയ്യുന്നത് നമ്മള്‍ കാണും. ഇത്തരം വസ്തുതകള്‍ തുറന്നു പറയാന്‍ എനിക്ക് മടിയില്ല. അതിന്‍റെ പേരില്‍ എന്നെ കൊന്നാലും പ്രശ്നമില്ല. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിലും നമ്മള്‍ ഏറെ പിന്നിലാണ്. ആ യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞതിന് എന്നെ ആരെങ്കിലും കൊന്നാലും എനിക്കത് പ്രശ്നമല്ല-ഛേത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക