''ഇനിപോയൊരു പിസ കഴിക്കണം''; ചാനുവിന് ജീവിതകാലം മൊത്തം ഫ്രീയായി കഴിക്കാമെന്ന് ഡൊമിനോസ്
ചാനുവിന്റെ ആഗ്രഹം ജീവിതകാലം മൊത്തം സൌജന്യമായി നടത്തിക്കൊടുക്കും എന്നാണ് പിസ ഭക്ഷണ ശാല ഭീമന്മാരായ ഡൊമിനോസ് അറിയിച്ചത്.
ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം മീരബായി ചാനു ആദ്യം നടത്തിയ പ്രതികരണം ഏറെ വൈറലായിരുന്നു. ഇനി പോയൊരു പിസ കഴിക്കണം, ഒരുപാട് നാളായി പിസ കഴിച്ചിട്ട്. വിജയത്തിന് പിന്നാലെ എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മീരബായ് ചാനു പറഞ്ഞത്.
''ഇനിപോയൊരു പിസ കഴിക്കണം. പിസ കഴിച്ചിട്ട് കുറേ നാളായി. ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. വീട്ടിലാരും ഒന്നും കഴിച്ചിട്ടില്ലായിരുന്നു. എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു,'' മീരാബായ് പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം മാറ്റിവെച്ച് കഠിനമായ പരീശീലനത്തിലായിരുന്നു മീരാബായ് ചാനു ഇതുവരെ.
എന്നാല്‍ ചാനുവിന്റെ ആഗ്രഹം ജീവിതകാലം മൊത്തം സൌജന്യമായി നടത്തിക്കൊടുക്കും എന്നാണ് പിസ ഭക്ഷണ ശാല ഭീമന്മാരായ ഡൊമിനോസ് അറിയിച്ചത്. ഡൊമിനോസ് ഇന്ത്യ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ചാനുവിന്‍റെ പിസ കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്ന വീഡിയോയും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേ സമയം രാജ്യത്തിന്റെ അഭിമാനമായ മീരാഭായ് ചാനുവിന് മണിപ്പൂർ സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ഭിരേൻ സിംഗാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
മീരാഭായ് ചാനുവിന്റെ മെഡൽ നേട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ താനാണ് പ്രഖ്യാപിച്ചതെന്നും അമിത് ഷാ അടക്കമുള്ളവർ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അതിനെ വരവേറ്റതെന്നും ഭീരേൻ സിംഗ് പറഞ്ഞു. താങ്കളുടെ മെഡൽ നേട്ടത്തിന് സമ്മാനമായി സംസ്ഥാന സർക്കാരിന്റെ വക ഒരു കോടി രൂപ നൽകുന്നുവെന്നും ഭീരേൻ സിംഗ് പറഞ്ഞു.