ജോക്കോവിച്ചും സിറ്റ്‌സിപാസും മെദ്‌വദേവും എടിപി ഫൈനല്‍സിന്
സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് താരങ്ങളാണ് എടിപി ഫൈനല്‍സില്‍ കളിക്കുക. യു എസ് ഓപ്പണ്‍ വിജയത്തോടെയാണ് മെദ്‌വദേവ് ഫൈനല്‍സിന് യോഗ്യത ഉറപ്പാക്കിയത്.
ലണ്ടന്‍: യുഎസ് ഓപ്പണ്‍ ചാംപ്യന്‍ ഡാനില്‍ മെദ്‌വദേവും സ്റ്റെഫാനോസ് സിറ്റ്‌സിപാസും നൊവാക് ജോകോവിച്ചും ഈ വര്‍ഷത്തെ എടിപി ഫൈനല്‍സിന് യോഗ്യത നേടി. സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് താരങ്ങളാണ് എടിപി ഫൈനല്‍സില്‍ കളിക്കുക. യു എസ് ഓപ്പണ്‍ വിജയത്തോടെയാണ് മെദ്‌വദേവ് ഫൈനല്‍സിന് യോഗ്യത ഉറപ്പാക്കിയത്.
2019ലെ എടിപി ഫൈനല്‍സ് ചാംപ്യനാണ് ലോക മൂന്നാം നമ്പര്‍ താരമായ സിറ്റ്‌സിപാസ്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്, റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവ്, ഇറ്റലിയുടെ മാതിയോ ബരേറ്റിനി എന്നിവരും ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലാണ്. സ്പാനിഷ് താരം റാഫേല്‍ നദാല്‍ ആറാം റാങ്കിലും ഓസ്ട്രിയയുടെ ഡൊമിനിക് തീം എട്ടാം റാങ്കിലുമുണ്ട്.
എന്നാല്‍ ഇരുവരും പരിക്കിന്റെ പിടിയിലാണ് അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. റോജര്‍ ഫെഡറര്‍ ഒമ്പതാം റാങ്കിലുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് സീസണിലെ മത്സരങ്ങളില്‍ നിന്ന് ഫെഡറര്‍ പിന്മാറിയിരുന്നു. നോര്‍വെയുടെ കാസ്പര്‍ റൂഡ്, കാനഡയുടെ ഫെലിക്‌സ് ഓഗര്‍-അലിയസ്സിമെ എന്നിവരാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു രണ്ട് താരങ്ങള്‍.