കൃത്യമായ പരിശീലനം, കഠിനാധ്വാനം; നീരജ് ചോപ്രയുടെ വിജയരഹസ്യം പങ്കുവച്ച് ഇന്ത്യന്‍ മുഖ്യപരിശീലകൻ

ചോപ്രയുടെ മെഡലോടെ ഇന്ത്യന്‍ കായികമേഖലയിലാകെ വൻമാറ്റങ്ങളുണ്ടാകുമെന്നും രാധാകൃഷ്‌ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട്

discipline commitment success secret of Neeraj Chopra says chief coach of Indian Athletics

ടോക്കിയോ: കൃത്യമായ പരിശീലനവും കഠിനാധ്വാനവുമാണ് ജാവലിന്‍ താരം നീരജ് ചോപ്രയെ ഒളിംപിക്‌സ് സ്വർണ നേട്ടത്തിലെത്തിച്ചതെന്ന് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രാധാകൃഷ്‌ണൻ നായർ. ചോപ്രയുടെ മെഡലോടെ ഇന്ത്യന്‍ കായികമേഖലയിലാകെ വൻമാറ്റങ്ങളുണ്ടാകുമെന്നും രാധാകൃഷ്‌ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'ഇന്ത്യയുടെ ഏറ്റവും അച്ചടക്കവും സമര്‍പ്പണവുമുള്ള അത്‌ലറ്റാണ് നീരജ് ചോപ്ര. പരിശീലനത്തിലാണ് ശ്രദ്ധ മുഴുവന്‍. രണ്ട് വര്‍ഷം വീട്ടില്‍പ്പോലും പോകാതെ പരിശീലിച്ച താരമാണ്. അടുത്ത വര്‍ഷം മൂന്ന് മത്സരങ്ങളാണുള്ളത്. ജൂലൈയില്‍ ലോക ചാമ്പ്യന്‍ഷിപ്പ്, ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസ്. നമുക്കും സാധിക്കും എന്ന ആത്മവിശ്വാസം എല്ലാ അത്‌ലറ്റുകള്‍ക്കുമുണ്ടാക്കാന്‍ നീരജിന്‍റെ പ്രകടനത്തിന് സാധിക്കുമെന്നും' രാധാകൃഷ്‌ണൻ നായർ വ്യക്തമാക്കി. 

ഗോള്‍ഡന്‍ ചോപ്ര

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

രാധാകൃഷ്‌ണൻ നായർക്കും അഭിമാന നിമിഷം

ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന്‍റെ മുഖ്യ പരിശീലകനായ ശേഷം മലയാളി കോച്ച് രാധാകൃഷ്‌ണൻ നായരുടെ ആദ്യ ഒളിംപിക്‌സാണിത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. 

ബഹദൂര്‍ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ നിര്‍ണായക ചുമതലയിലേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന് ആദ്യമായാണ് ഒരു മലയാളി മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 63കാരനായ രാധാകൃഷ്‌ണന്‍ നായര്‍ ചേര്‍ത്തല സ്വദേശിയാണ്. മുമ്പ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്‍റെ ഡപ്യൂട്ടി കോച്ചായിരുന്നു.

ഗോള്‍ഡന്‍ ബോയ്, കാത്തിരിപ്പിന് വിരാമം; ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം

74 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ നഷ്ടങ്ങളുടെ ചരിത്രം തിരുത്തി നീരജ് ചോപ്ര

നീരജിന്‍റെ ഒറ്റയേറ്, ബജ്റംഗിന്‍റെ ഗുസ്തി, ഒളിംപിക്സ് മെഡല്‍പ്പട്ടികയില്‍ കുതിപ്പുമായി ഇന്ത്യ

നീരജിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

തടി കുറക്കാന്‍ ആദ്യമായി ഗ്രൗണ്ടിലിറങ്ങി, ഒടുവില്‍ ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ പുരുഷനായി നീരജ് ചോപ്ര

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios