നിരോധിത മരുന്ന് ഉപയോഗം; ദിപ കര്‍മാകറിന് 21 മാസം വിലക്ക്

ഇതോടെ 2023 ജൂലൈ വരെ ദീപയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല

Dipa Karmakar suspended for 21 months for use of prohibited substance jje

ദില്ലി: നിരോധിത മരുന്ന് ഉപയോഗത്തിന് ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് ഇന്‍റര്‍നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ 21 മാസ വിലക്ക്. ഇതോടെ 2023 ജൂലൈ വരെ ദീപയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള താരത്തിന്‍റെ മത്സരഫലങ്ങള്‍ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത് റെക്കോര്‍ഡിട്ടിരുന്നു ദിപ കര്‍മാകര്‍. പിന്നീട് പരിക്ക് വിടാതെ പിടികൂടിയതോടെ താരത്തിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാനായില്ല. 

റിയോ ഒളിംപിക്‌സില്‍ ദിപ കര്‍മാകറിനു തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. വെറും 0.15 പോയിന്‍റിനാണ് മെഡല്‍ കൈയകലത്തില്‍ വഴുതിപ്പോയത്. ഒളിംപിക്‌സ് ജിംനാസ്റ്റി‌ക്സില്‍ ഇന്ത്യയ്ക്ക് ദിപയിലൂടെ നാലാം സ്ഥാനം ലഭിക്കുകയായിരുന്നു. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ കാഴ്ചവച്ചത്. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. അമേരിക്കയുടെ സൈമണ്‍സ് ബൈല്‍സിനായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം. മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി റിയോയില്‍ നിന്ന് മടങ്ങിയതോടെ ദീപ കര്‍മാകര്‍ രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരുന്നു. 

ഗ്ലാസ്‌ഗോയില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയാണ് ദിപ കര്‍മാക‍ര്‍ ആദ്യം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയത്. ഗെയിംസ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിന്‍റെ ആദ്യ മെഡല്‍ കൂടിയായി ഇത്. കൂടാതെ ഏഷ്യന്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2015ലെ ലോക അര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഇരു നേട്ടങ്ങളും ഈയിനത്തില്‍ രാജ്യത്തിന്‍റെ കന്നി നേട്ടങ്ങളായിരുന്നു. 2018ല്‍ തുക്കിയില്‍ നടന്ന എഫ്‌ഐജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണം നേടി റെക്കോര്‍ഡിട്ടു. ലോക വേദിയില്‍ ഈ ഇനത്തില്‍ ഒരു ഇന്ത്യന്‍ ജിംനാസ്റ്റിന്‍റെ ആദ്യ മെഡലാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios