സ്വന്തം ലോകറെക്കോർഡ് തിരുത്തി വീണ്ടും ദേവേന്ദ്ര ജജാരിയ; പാരാലിമ്പിക്സ് യോഗ്യത
2004ലെ ഏഥൻസ് പാരാലിമ്പിക്സിലും 2016ലെ റിയോ പാരാലിമ്പിക്സിലും സ്വർണം നേടിയ ജജാരിയ ഇത്തവണ ഹാട്രിക്ക് സ്വർണം ലക്ഷ്യമിട്ടാണ് ടോക്കിയോയിൽ ഇറങ്ങുന്നത്.
ദില്ലി: ജാവലിൻ ത്രോയിൽ സ്വന്തം ലോക റെക്കോർഡ് തിരുത്തി പാരാലിമ്പിക്സ് താരം ദേവേന്ദ്ര ജജാരിയ. ദില്ലി നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പാരാലിമ്പിക്സ് യോഗ്യതാ ട്രയൽസിലാണ് എഫ്-46 ജാവലിനിൽ ജജാരിയ 65.7 മീറ്റർ ദൂരം എറിഞ്ഞ് സ്വന്തം റെക്കോർഡ് തിരുത്തിയത്. മൂന്നാം ശ്രമത്തിലായിരുന്നു ജജാരിയയുടെ റെക്കോർഡ് പ്രകടനം. 63.97 മീറ്ററായിരുന്നു ജജാരിയയുടെ മുൻ റെക്കോർഡ്.
ആദ്യ ശ്രമത്തിൽ 63.57 മീറ്റർ ദൂരം പിന്നിട്ട ജജാരിയ രണ്ടാം ശ്രമത്തിൽ 61.99 മീറ്ററാണ് താണ്ടിയത്. ലോക റെക്കോർഡ് പ്രകടനത്തോടെ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സിനും ജജാരിയ യോഗ്യത ഉറപ്പാക്കി. 2004ലെ ഏഥൻസ് പാരാലിമ്പിക്സിലും 2016ലെ റിയോ പാരാലിമ്പിക്സിലും സ്വർണം നേടിയ ജജാരിയ ഇത്തവണ ഹാട്രിക്ക് സ്വർണം ലക്ഷ്യമിട്ടാണ് ടോക്കിയോയിൽ ഇറങ്ങുന്നത്.
2008ലും 2012ലും എഫ്-46 ജാവലിൻ വിഭാഗത്തിൽ മത്സരമുണ്ടാകാതിരുന്നതിനാൽ ജജാരിയക്ക് മത്സരിക്കാനായിരുന്നില്ല. പാരാലിമ്പിക്സിൽ രണ്ട് സ്വർണം നേടിയിട്ടുള്ള ഏക ഇന്ത്യൻ താരവും ജജാരിയയാണ്. 2017ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട ജജാരിയ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാരാലിമ്പിക് താമായിരുന്നു.
എട്ടാം വയസിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റതോടെയാണ് ദേവേന്ദ്ര ജജാരിയയുടെ ജീവിതം വഴി മാറിയത്. അപകടത്തിൽ ജജാരിയയുടെ ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ഒരു സ്കൂൾ കായികമേളയിൽവെച്ച് ദ്രോണാചാര്യ പുരസ്കാരം നേടിയിട്ടുള്ള പരിശീലകൻ ആർ ഡി സിംഗിന്റെ കണ്ണിൽപ്പെട്ടതോടെയാണ് ജജാരിയയുടെ ജീവതത്തിലെ രണ്ടാമത്തെ ട്വിസ്റ്റ് സംഭവിക്കുന്നത്.തുടർന്ന് ആർ ഡി സിംഗിന്റെ ശിക്ഷണത്തിലായിരുന്നു ജജാരിയയുടെ വളർച്ച.
ദേവേന്ദ്ര ജജാരിയക്കൊപ്പം ട്രയൽസിൽ 63.96 ദൂരം താണ്ടിയ അജിത് കുമാർ, 62.20 മീറ്റർ ദൂരം പിന്നിട്ട സുന്ദർ ഗുസർ എന്നിവരും ജാവലിനിൽ പാരാലിമ്പിക്സ് യോഗ്യത ഉറപ്പാക്കി.