ഗുസ്തിയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; രവി കുമാറും ദീപക് പൂനിയയും സെമിയില്‍
പുരുഷ വിഭാഗം 57 കിലോ ഗ്രാമില്‍ രവി കുമാര്‍ ദഹിയ, 86 കിലോ ഗ്രാമില്‍ ദീപക് പൂനിയ എന്നിവര്‍ സെമിയില്‍ കടന്നു. അതേസമയം വനിതകളുടെ 57 കിലോ ഗ്രാമില്‍ അന്‍ഷു മാലിക് പുറത്തായി.
ടോക്യോ: ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. പുരുഷ വിഭാഗം 57 കിലോ ഗ്രാമില്‍ രവി കുമാര്‍ ദഹിയ, 86 കിലോ ഗ്രാമില്‍ ദീപക് പൂനിയ എന്നിവര്‍ സെമിയില്‍ കടന്നു. അതേസമയം വനിതകളുടെ 57 കിലോ ഗ്രാമില്‍ അന്‍ഷു മാലിക് പുറത്തായി.
ബള്‍ഗേറിയയുടെ ജോര്‍ജി വാന്‍ഘലോവിനെ 14-4ന് തകര്‍ത്താണ് രവി കുമാര്‍ സെമിയിലേക്ക് മുന്നേറിയത്. കസാഖ്സ്ഥാന്റെ നുറിസ്ലാം സനയേവാണ് സെമിയില്‍ രവി കുമാറിന്റെ എതിരാളി. 2018ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ജേതാവാണ് നുറിസ്ലാം. ആദ്യ റൗണ്ടില്‍ കൊളംബിയയുടെ ടിഗ്രറോസ് ഉര്‍ബാനോയെയാണ് രവി കുമാര്‍ തോല്‍വിച്ചിരുന്നത്.
ചൈനയുടെ ലിന്‍ സുഷനെ തോല്‍പ്പിച്ചാണ് ദീപക് സെമിയിലെത്തിയത്. 6-3നായിരുന്നു ദീപകിന്റെ ജയം. യു എസിന്റെ ഡേവിഡ് ടയ്‌ലറാണ് സെമിയില്‍ ദീപകിന്റെ എതിരാളി. ആദ്യ മത്സരത്തില്‍ നൈജീരിയയുടെ എകെരകെമെ അജിയോമോറിനെ തോല്‍പ്പിക്കാന്‍ ദീപകിനായിരുന്നു. 12-1നായിരുന്നു താരത്തിന്റെ ജയം.
അതേസമയം അന്‍ഷു മാലിക് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. ബലാറസിന്റെ ഐറിന കുറഷിനയാണ് മാലിക്കിനെ തോല്‍പ്പിച്ചത്. 8-2നായിരുന്നു ബലാറൂഷ്യന്‍ താരത്തിന്റെ ജയം.