CWG 2022 : കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തിരിതെളിയും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അറിയാം
72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.
ലണ്ടന്‍: ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് (CWG 2022) നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് മത്സരങ്ങള്‍. കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ താരങ്ങളോട് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ മുന്നറിയിപ്പുണ്ട്. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പി വി സിന്ധുവായിരിക്കും (PV Sindhu) ഇന്ത്യയുടെ പതാകയേന്തുക.
72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. സോണി സിക്സ്, സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ഗെയിംസ് കാണാം.
പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശ: നീരജ് ചോപ്ര
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ നിരാശയുണ്ടെന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര (Neeraj Chopra). എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണക്കും നന്ദിയെന്നും നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെയുണ്ടായ പരിക്കാണ് നീരജിനെ വലച്ചത്. നീരജ് ചോപ്ര മത്സരിക്കാത്തത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് കനത്ത നഷ്ടമാണ്. നമ്മള്‍ ഉറപ്പിച്ച മെഡലാണ് നഷ്ടമാകുന്നത്.
മെഡല്‍ പ്രതീക്ഷകള്‍
പി വി സിന്ധു, മിരാഭായ് ചാനു, ലോവ്ലിന ബോര്‍ഗോഹെയ്ന്‍, ബജ്‌റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.