ശ്രീലങ്കന്‍ താരങ്ങള്‍ ഒളിവില്‍; കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ 10 പേര്‍ നാട്ടിലേക്ക് മടങ്ങില്ല
യുകെയില്‍ ഒളിച്ചുതാമസിക്കുന്ന ഇവര്‍ മറ്റൊരു തൊഴില്‍ കണ്ടെത്തി രാജ്യത്ത് തുടരാനാണ് ശ്രമം. ടീം അംഗങ്ങള്‍ തിരികെയെത്തുമെന്ന് ഉറപ്പിക്കാന്‍ താരങ്ങളുടെ പാസ്‌പോര്‍ട്ട് വാങ്ങി അധികൃതര്‍ സൂക്ഷിച്ചിരുന്നു.
ബെര്‍മിംഗ്ഹാം: താരങ്ങളും ഒഫീഷ്യല്‍സുമടക്കം 160 പേരാണ് ശ്രീലങ്കയില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമിലെത്തിയത്. ഒരാഴ്ച മുന്‍പ് ജൂഡോ താരം ചമില ദിലാനി, മാനേജര്‍ അസേല ഡിസില്‍വ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കാണാതായതോടെയാണ് ശ്രീലങ്കന്‍ ടീം പൊലീസില്‍ പരാതിനല്‍കിയത്. അന്വേഷണത്തില്‍ ഏഴ് താരങ്ങള്‍ കൂടി ഒളിവില്‍ പോയെന്ന് വ്യക്തമായി. ഇവര്‍ ഒളിച്ചു താമസിക്കുകയാണെന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
യുകെയില്‍ ഒളിച്ചുതാമസിക്കുന്ന ഇവര്‍ മറ്റൊരു തൊഴില്‍ കണ്ടെത്തി രാജ്യത്ത് തുടരാനാണ് ശ്രമം. ടീം അംഗങ്ങള്‍ തിരികെയെത്തുമെന്ന് ഉറപ്പിക്കാന്‍ താരങ്ങളുടെ പാസ്‌പോര്‍ട്ട് വാങ്ങി അധികൃതര്‍ സൂക്ഷിച്ചിരുന്നു. ഇത് മറികടന്നാണ് ഇവര്‍ ക്യാംപ് വിട്ടത്. വീസയ്ക്ക് ആറ് മാസത്തെ കാലാവധിയുള്ളതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുമാകില്ല. തിരികെയെത്തുമെന്ന് ഉറപ്പിക്കാന്‍ താരങ്ങളുടെയെല്ലാം പാസ്‌പോര്‍ട്ട് ലങ്കന്‍ അധികൃതര്‍ വാങ്ങിസൂക്ഷിച്ചിരുന്നു. ഇതു മറികടന്നാണു ചില താരങ്ങള്‍ മുങ്ങിയത്.
ആദ്യമായല്ല, ശ്രീലങ്കയില്‍ നിന്നുള്ള കായികതാരങ്ങളെ കാണാതാകുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ലോയില്‍ ഗുസ്തി ചാംപ്യന്‍ഷിപ്പിനെത്തിയ പരിശീലകനെ കാണാതായിരുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസിന് ദക്ഷിണകൊറിയയിലെത്തിയ രണ്ട് അത്‌ലീറ്റുകളെയും കാണാതായി. 2004ല്‍ ജര്‍മനിയില്‍ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിനെത്തിയ 23 അംഗ ലങ്കന്‍ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ദേശീയ ഹാന്‍ഡ് ബോള്‍ ടീം ഇല്ലായിരുന്നുവെന്നതാണു മറ്റൊരു സത്യം.
76 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധിയാളുകളാണ് ദിനംപ്രതി രാജ്യം വിടുന്നത്.