പൂജ ഗെഹ്‍ലോട്ടിനുള്ള നരേന്ദ്ര മോദിയുടെ ആശ്വസിപ്പിക്കല്‍ വൈറല്‍; അഭിനന്ദനവുമായി പാക് മാധ്യമപ്രവര്‍ത്തകരും
ദേശീയഗാനം വേദിയിൽ കേൾപ്പിക്കുമെന്ന് കരുതിയാണ് വന്നതെന്ന് പറഞ്ഞായിരുന്നു മത്സരശേഷം പൂജ പൊട്ടിക്കരഞ്ഞത്
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(CWG 2022) ഗുസ്തിയിൽ 50 കിലോ വിഭാഗത്തിൽ സ്വർണം നേടാനാവാതെ നിരാശയായി രാജ്യത്തോട് മാപ്പ് ചോദിച്ച പൂജ ഗെഹ്‍ലോട്ടിനെ (Pooja Gehlot) പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) രംഗത്തെത്തിയിരുന്നു. പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ പ്രതികരണം രാജ്യാന്തര പ്രശംസ പിടിച്ചുപറ്റുകയാണ്. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ മോദിയുടെ നല്ല മാതൃകയെ പ്രശംസകൊണ്ടുമൂടി.
50 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു പൂജ ഗെഹ്‍ലോട്ട്. എന്നാല്‍ ഗെഹ്‍ലോട്ടിന്‍റെ പോരാട്ടം വെങ്കലത്തില്‍ ഒതുങ്ങി. ദേശീയഗാനം വേദിയിൽ കേൾപ്പിക്കുമെന്ന് കരുതിയാണ് വന്നതെന്ന് പറഞ്ഞായിരുന്നു മത്സരശേഷം പൂജ പൊട്ടിക്കരഞ്ഞത്. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്കോട്ടിഷ് താരത്തിനെതിരെ തുടക്കത്തില്‍ പിന്നിലായെങ്കിലും പിന്നീട് തിരിച്ചടിച്ച പൂജ മെഡല്‍ ഉറപ്പാക്കുകയായിരുന്നു.
അതേസമയം സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യയുടെ താരങ്ങൾ ഇന്ന് നാല് താരങ്ങൾ ഇടിക്കൂട്ടിലെത്തും. മൂന്ന് മണിക്ക് തുടങ്ങുന്ന വനിതകളുടെ 48കിലോഗ്രാം വിഭാഗത്തിൽ നീതു ഗംഗാസ് ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ നേരിടും. തൊട്ടുപിന്നാലെ നടക്കുന്ന പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ അമിത് പാംഘൽ ഇംഗ്ലണ്ടിന്‍റെ കിയാറൻ മഗ്‍ഡൊണാൾഡിനെ നേരിടും. വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ലോകചാമ്പ്യൻ നിഖാത് സരിന്‍റെ എതിരാളി വടക്കൻ അയര്‍ലൻഡിന്‍റെ ജെമ്മ റിച്ചാര്‍ഡ്സണാണ്. രാത്രി ഒന്നേകാലിന് നടക്കുന്ന മത്സരത്തിൽ സാഗര്‍ അഹ്‍ലാവത്ത് ഇംഗ്ലണ്ട് താരത്തേയും നേരിടും.