CWG 2022 : കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയുയർന്നു; ഇംഗ്ലീഷ് മണ്ണിൽ ത്രിവർണ പതാകയേന്തി സിന്ധുവും മൻപ്രീതും
രണ്ട് മണിയോടെ ഇന്ത്യൻ സംഘം എത്തിയതോടെ ആരവം ഉയർന്നു. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യയെ നയിച്ചത്.
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വർണാഭമായ ഉദ്ഘാടനച്ചടങ്ങുമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് (CWG 2022) തുടക്കമായി. ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ഓടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒന്നരയോടെയാണ് അത്‍ലറ്റുകളുടെ പരേഡ് തുടങ്ങിയത്. ആദ്യമെത്തിയത് ഓസ്ട്രേലിയ ആയിരുന്നു. ഓഷ്യാന രാജ്യങ്ങൾക്ക് ശേഷം ആഫ്രിക്കൻ, കരീബിയൻ രാജ്യങ്ങൾ വേദിയിലേക്ക് എത്തി.
ഇതിന് ശേഷമായിരുന്നു ഏഷ്യയുടെ ഊഴം. അങ്ങനെ രണ്ട് മണിയോടെ ഇന്ത്യൻ സംഘം എത്തിയതോടെ ആരവം ഉയർന്നു. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യയെ നയിച്ചത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. മന്‍പ്രീത് കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പതാകവാഹകരില്‍ ഒരാളായിരുന്നു. ഏറ്റവും ഒടുവിൽ ആതിഥേയരായ ഇംഗ്ലണ്ടിന്റെ സംഘവും മാർച്ച് പാസ്റ്റിൽ പങ്കെടുത്ത ശേഷം ഔദ്യോഗികമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് പതാക ബര്‍മിങ്ഹാമില്‍ ഉയർന്നു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച ഓസ്ട്രേലിയയുമായി മത്സരമുള്ളതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെുടുത്തില്ല. മാര്‍ച്ച് പാസ്റ്റിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്നു. ഓഗസ്റ്റ് എട്ടു വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിംസില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 5054 കായിക താരങ്ങള്‍ 280 കായിക ഇനങ്ങളില്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേര്‍ കൂടി അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.
ഷൂട്ടിംഗ് ഇത്തവണയില്ലെങ്കിലും ഗുസ്തി, ബോകസിംഗ്, ബാഡ്മിന്‍റണ്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്‍റെ സമാപനം.സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ഗെയിംസ് കാണാം.
മെഡല്‍ പ്രതീക്ഷകള്‍
പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.