കോമണ്‍വെല്‍ത്ത് ഗെയിംസ്: സ്റ്റീപ്പിള്‍ ചേസില്‍ ചരിത്രനേട്ടം, വെള്ളിത്തിളക്കത്തില്‍ അവിനാശ് സാബ്‌ലെ
8:11.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാബ്‌ലെ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. ഈ വര്‍ഷമാദ്യം റാബത്തിലെ ഡയമണ്ട് ലിഗില്‍ കുറിച്ച 8:12.48 ആയിരുന്നു സാബ്‌ലെയുടെ പേരിലുള്ള മുന്‍ ദേശീയ റെക്കോര്‍ഡ്.
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അവിനാശ് സാബ്‌ലെ. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ സ്റ്റീപ്പിള്‍ ചേസില്‍ രാജ്യത്തിന്‍റെ ആദ്യ മെഡല്‍ നേട്ടമാണിത്. തന്‍റെ തന്നെ ദേശീയ റെക്കോര്‍ഡും വെള്ളി നേട്ടത്തില്‍ സാബ്‌ലെ ബര്‍മിങ്ഹാമില്‍ തിരുത്തിയെഴുതി.
8:11.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാബ്‌ലെ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. ഈ വര്‍ഷമാദ്യം റാബത്തിലെ ഡയമണ്ട് ലിഗില്‍ കുറിച്ച 8:12.48 ആയിരുന്നു സാബ്‌ലെയുടെ പേരിലുള്ള മുന്‍ ദേശീയ റെക്കോര്‍ഡ്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവായ കെനിയയുടെ അബ്രഹാം കിബിവോട്ട് 0.05 സെക്കന്‍ഡിന്‍റെ നേരിയ വ്യത്യാസത്തില്‍ സ്റ്റീപ്പിള്‍ ചേസില്‍ സ്വര്‍ണം നേടിയപ്പോള്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ കൂടിയായ കെനിയയുടെ അമോസ് സേറം 8:16.83.സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം നേടി.
കഴിഞ്ഞ മാസം ഒറിഗോണില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്നാമതെത്തി നിരാശപ്പെടുത്തിയ സാബ്‌ലെയുടെ ഗംഭീര തിരിച്ചുവരവാണ് ബര്‍മിങ്ഹാമില്‍ കണ്ടത്. പതുക്കെ തുടങ്ങിയ സാബ്‌ലെ പിന്നീട് എതിരാളികളെ പിന്നിലാക്കി കുതിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ലക്ഷ്യം ഫൈനല്‍; ഇടിക്കൂട്ടില്‍ മെഡല്‍ പ്രതീക്ഷ
ഇന്നത്തെ പ്രതീക്ഷകള്‍
വനിതകളുടെ ഹാമര്‍ ത്രോയില്‍ മഞ്ജു ബാല ഇന്ന് ഫൈനലിന് ഇറങ്ങും. രാത്രി പതിനൊന്നരയ്ക്കാണ് ഹാമര്‍ ത്രോ ഫൈനല്‍ തുടങ്ങുക. അവിനാശ് സാബ്ലേയ്ക്ക് ഇന്ന് ഇനി ഒരു ഫൈനല്‍ കൂടിയുണ്ട്. രാത്രി 12.40ന് 5000 മീറ്റര്‍ ഫൈനലിലും സാബ്‌ലെ ഇറങ്ങുന്നുണ്ട്.
ബോക്‌സിംഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആറ് താരങ്ങള്‍ ഇന്ന് ഇടിക്കൂട്ടിലെത്തും. വനിതകളുടെ 45 കിലോ വിഭാഗത്തില്‍ നീതു ഗംഗാസ് വൈകിട്ട് മൂന്നിന് കാനഡയുടെ പ്രിയങ്ക ധില്ലനെ നേരിടും. പുരുഷന്‍മാരുടെ 48 കിലോ വിഭാഗത്തില്‍ അമിത് പാംഗലിന്റെ എതിരാളി സാംബിയന്‍ താരം. മൂന്നരയ്ക്കാണ് മത്സരം. വൈകിട്ട് ഏഴേ മുക്കാലിന് വനിതകളുടെ 48 കിലോ വിഭാഗത്തില്‍ നിഖാത് സരീന്‍ ഇംഗ്ലണ്ടിന്റെ സാവന്ന ആല്‍ഫിയയുമായി ഏറ്റുമുട്ടും. ജെയ്‌സമെയ്ന്‍ രാത്രി എട്ടിന് ഇംഗ്ലണ്ടിന്റെ ജെമ്മ റിച്ചാര്‍ഡ്‌സണെയും രാത്രി പന്ത്രണ്ടേമുക്കാലിന് രോഹിത് സാംബിയയുടെ സ്റ്റീഫന്‍ സിംബയെയും പുലര്‍ച്ചെ ഒന്നരയ്ക്ക് സാഗര്‍ അഹ്‌ലാവത്ത് നൈജീരിയന്‍ താരത്തേയും നേരിടും.