CWG 2022 : ഹൈജംപില്‍ പുതു ചരിത്രം, തേജസ്വിൻ ശങ്കര്‍ക്ക് വെങ്കലം; സ്ക്വാഷിൽ ആദ്യ വ്യക്തിഗത മെഡലുമായി ഇന്ത്യ
കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ എന്ന പ്രത്യേകത കൂടിയുണ്ട് തേജ്വസിന്‍റെ നേട്ടത്തിന്
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) ഹൈജംപില്‍ ഇന്ത്യയുടെ തേജസ്വിൻ ശങ്കര്‍ക്ക്(Tejaswin Shankar Bronze) വെങ്കലം. 2.22 മീറ്റര്‍ ചാടിയാണ് തേജ്വസിന്‍റെ നേട്ടം. കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ എന്ന പ്രത്യേകത കൂടിയുണ്ട് തേജ്വസിന്‍റെ നേട്ടത്തിന്. ന്യൂസിലൻഡിന്‍റെ ഹാമിഷ് കേര്‍ സ്വര്‍ണവും ഓസ്ട്രേലിയയുടെ ബ്രാൻഡൻ സ്റ്റാര്‍ക്ക് വെള്ളിയും നേടി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാര്‍ക്കിന്‍റെ സഹോദരനാണ് ബ്രാൻഡൻ സ്റ്റാര്‍ക്ക്.
ഭാരോദ്വഹനത്തിൽ 10 തികച്ച് ഇന്ത്യ
ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി ഇന്നലെ ലഭിച്ചു. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിൽ ഗുര്‍ദീപ് സിംഗിനാണ് വെങ്കലം. 390 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുര്‍ദീപിന്‍റെ നേട്ടം. ഈ ഇനത്തിൽ പാകിസ്ഥാന്‍റെ മുഹമ്മദ് നൂഹ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇത്തവണത്തെ ഗെയിംസിൽ ഭാരദ്വോഹനത്തിലൂടെ ആകെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. മീരാഭായ് ചനു, ജെറെമി ലാൽറിന്നുൻഗ, അചിന്ത സിയോളി എന്നിവര്‍ സ്വര്‍ണം നേടിയപ്പോൾ, സങ്കേത് സാര്‍ഗര്‍, ബിന്ദ്യറാണി ദേവി, വികാസ് താക്കൂര്‍ എന്നിവര്‍ വെള്ളിയും ഗുരുരാജ് പൂജാരി, ഹര്‍ജീന്തര്‍, ലവ്പ്രീത് സിംഗ്, ഗുര്‍ദീപ് സിംഗ് എന്നിവര്‍ വെങ്കലവും നേടി.
സ്‌ക്വാഷില്‍ ചരിത്രം
കോമണ്‍വെൽത്ത് ഗെയിംസ് വനിത ജൂഡോയിൽ ഇന്ത്യയുടെ തൂലിക മാന് വെള്ളി. 78 കിലോ വിഭാഗം ഫൈനലിൽ സ്കോട്‍ലന്‍ഡിന്‍റെ സാറാ അഡിൽട്ടണോടാണ് തൂലിക തോറ്റത്. 23കാരിയായ തൂലികയ്ക്ക് അഡിൽട്ടണിന്‍റെ പരിചയസമ്പന്നതക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അനായാസം അഡിൽട്ടണ്‍ ജയിച്ചുകയറി. അതേസമയം സ്ക്വാഷിൽ സൗരവ് ഘോഷാലിന് വെങ്കലം ലഭിച്ചു. സൗരവ് വെങ്കല മെഡൽ പോരാട്ടത്തിൽ 3-0ന് ഇംഗ്ലണ്ട് താരം ജയിംസ് വിൽസ്ട്രോപിനെ തോൽപിച്ചു. സ്കോർ 11-6, 11-1, 11-4. കോമൺവെൽത്ത് ഗെയിംസ് സ്ക്വാഷിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യ വ്യക്തിഗത മെഡലാണിത്. 2018ൽ ദീപിക പള്ളിക്കലിനൊപ്പം സൗരവ് മിക്സ്ഡ് ഡബിൾസിൽ വെള്ളി നേടിയിരുന്നു.
ബോക്‌സിംഗിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടി
ബോക്സിംഗിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. വനിതകളുടെ 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത്ത് സരിൻ ജയത്തോടെ സെമിയിലെത്തി. വെയിൽസിന്‍റെ ഹെലെൻ ജോണ്‍സിനെ 5-0നാണ് നിഖാത്ത് തോൽപ്പിച്ചത്. മറ്റന്നാൾ സെമിയിൽ കനേഡിയൻ താരത്തെ നിഖാത്ത് സരിൻ നേടും. അതേസമയം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഒളിംപിക് വെങ്കല മെഡൽ ജേതാവ് ലവ്‍ലിന ബോര്‍ഗോഹെയിൻ ക്വാര്‍ട്ടറിൽ തോറ്റു. വെയിൽസിന്‍റെ റോസി എക്കൽസിനോട് 3-2നായിരുന്നു ലവ്‍ലിനയുടെ തോൽവി. പുരുഷന്മാരുടെ 75 കിലോ വിഭാഗത്തിൽ ആഷിഷ് കുമാറിനും സെമിയിൽ എത്താനായില്ല. ആഷിഷ് ഇംഗ്ലണ്ടിന്‍റെ ആരോണ്‍ ബൗണിനോടാണ് തോറ്റത്.