CWG 2022 : ഇന്ത്യക്ക് ആറാം സ്വര്‍ണം; പാരാ പവര്‍ലിഫ്റ്റിംഗിൽ റെക്കോര്‍ഡിട്ട് സുധീര്‍
ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇന്ത്യ ഗെയിംസില്‍ ഇതുവരെ നേടിയത്
ബർമിംഗ്‌ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ഇന്ത്യക്ക് ആറാം സ്വര്‍ണം. പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറാണ്(Sudhir) സ്വര്‍ണം നേടിയത്. 134.5 പോയിന്‍റുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് സുധീറിന്‍റെ സ്വര്‍ണം. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാരാ വിഭാഗത്തിൽ(Para-Powerlifting) പവര്‍ലിഫ്റ്റിംഗ് സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ പാരാ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സുധീര്‍. ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇന്ത്യ ബർമിംഗ്‌ഹാം ഗെയിംസില്‍ ഇതുവരെ നേടിയത്.
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിംഗിൽ രോഹിത് ടോകാസ് ജയത്തോടെ സെമിയിലെത്തി. ന്യൂവിന്‍റെ സേവ്യര്‍ മാറ്റാഫയെ 5-0ന് തകര്‍ത്താണ് രോഹിത് സെമിയിൽ കടന്നത്. ബോക്സിംഗിൽ മെഡൽ ഉറപ്പിക്കുന്ന ഏഴാമത്തെ താരമാണ് രോഹിത്. നേരത്തെ നീതു, മുഹമ്മദ് ഹുസാം, നിഖാത്ത് സരിൻ, അമിത് പാംഗൽ, ജെയ്സ്മിൻ, സാഗര്‍ അഹലാവത് എന്നിവരും സെമിയിലെത്തി മെഡൽ ഉറപ്പിച്ചിരുന്നു. നാളെയാണ് സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവുക.
അതേസമയം ബാഡ്‌മിന്‍റൺ സിംഗിൾസിൽ ഇന്ത്യയുടെ ആകർഷി കശ്യപ് പ്രീക്വാർട്ടറിൽ കടന്നു. പാകിസ്ഥാൻ താരമായ മഹൂർ ഷഹ്സാദ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ആകർഷി മുന്നേറിയത്. 22-20ന് ആദ്യ ഗെയിം സ്വന്തമാക്കിയ ആകർഷി രണ്ടാം ഗെയിമിൽ 8-1ന് മുന്നിട്ട് നിൽക്കുമ്പോഴാണ് എതിരാളിയായ മഹൂറിന് പരിക്കേറ്റത്. ടേബിൾ ടെന്നിസിൽ മണിക ബത്രയ്ക്കും മുന്നേറ്റം. സിംഗിൾസിലും മിക്സഡ് ഡബിൾസിലും പ്രീക്വാർട്ടറിലെത്തി. സിംഗിൾസിൽ കനേഡിയൻ താരം ചിംഗ് നാംഫുയെ 4-0നാണ് മണിക ബത്ര തകർത്തത്. മിക്സഡ് ഡബിൾസിൽ മണിക ബത്ര-സത്യൻ ജ്ഞാനശേഖരൻ സഖ്യം പ്രീക്വാർട്ടറിലേക്ക് മുന്നേറി. വടക്കൻ അയർലൻഡ് സഖ്യത്തെ രണ്ടാം റൗണ്ടിൽ 3-0നാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
മധുരപ്രതികാരം! സ്വര്‍ണപ്പകിട്ടുള്ള വെള്ളിയുമായി വിമര്‍ശനങ്ങളെ ചാടി തോല്‍പിച്ച് എം ശ്രീശങ്കർ