CWG 2022 : കണ്ണുകള്‍ ജംപിംഗ് പിറ്റിലേക്ക്; എം ശ്രീശങ്കറിനു മുഹമ്മദ് അനീസിനും ഇന്ന് ഫൈനല്‍, മെഡല്‍ പ്രതീക്ഷ

യോഗ്യതാറൗണ്ടിൽ ഫൈനലുറപ്പിക്കാൻ എം ശ്രീശങ്കറിന് ഒറ്റച്ചാട്ടമേ വേണ്ടിവന്നുള്ളൂ. ആദ്യ ശ്രമത്തിൽ ചാടിയത് 8.05 മീറ്റർ. 

Commonwealth Games 2022 Mens long jump Final M Sreeshankar Muhammed Anees Yahiya eyes medal

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ(Commonwealth Games 2022) പുരുഷ ലോംഗ്‌ജംപിൽ(Men's long jump Final) മെഡൽ പ്രതീക്ഷയുമായി മലയാളി താരങ്ങളായ എം ശ്രീശങ്കറും(M Sreeshankar) മുഹമ്മദ് അനീസും(Muhammed Anees Yahiya) ഇന്നിറങ്ങും. രാത്രി പന്ത്രണ്ടിന് ശേഷമാണ് ലോംഗ്‌ജംപ് ഫൈനൽ തുടങ്ങുക.

യോഗ്യതാറൗണ്ടിൽ ഫൈനലുറപ്പിക്കാൻ എം ശ്രീശങ്കറിന് ഒറ്റച്ചാട്ടമേ വേണ്ടിവന്നുള്ളൂ. ആദ്യ ശ്രമത്തിൽ ചാടിയത് 8.05 മീറ്റർ. യോഗ്യതാറൗണ്ടിൽ എട്ട് മീറ്റർ മറികടന്നതും ശ്രീശങ്കർ മാത്രം. മുഹമ്മദ് അനീസ് 7.68 മീറ്റർ ദൂരത്തോടെയാണ് ഫൈനലുറപ്പിച്ചത്. ഫൈനലിൽ മത്സരക്കുന്ന പന്തണ്ട് താരങ്ങളിൽ ഒരാളൊഴികെ എല്ലാവരും കരിയറിൽ എട്ട് മീറ്റർ മറികടന്നവരാണ്. 8.36 മീറ്റർ ദൂരത്തോടെ ദേശീയ റെക്കോർഡിന് ഉടമയായ ശ്രീശങ്കറാണ് ഫൈനലിസ്റ്റുകളിൽ ഏറ്റവും മികച്ച പ്രകടനത്തിനുടമ. ഈ മികവ് ആവർത്തിച്ചാൽ ജംപിംഗ് പിറ്റിൽ ശ്രീശങ്കറിലൂടെ ഇന്ത്യക്ക് സ്വർണമുറപ്പിക്കാം. 

കഴിഞ്ഞമാസം ശ്രീശങ്കർ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 8.15 മീറ്ററിലെത്തിയാൽ അനീസിനും മെഡൽ പ്രതീക്ഷിക്കാം. 

ബോക്‌സിംഗിലും മെ‍ഡല്‍ പ്രതീക്ഷ

അതേസമയം ബോംക്‌സിംഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ജെയ്സ്മിൻ, അമിത് പാംഗൽ, രോഹിത്, സാഗർ എന്നിവർ ഇന്നിറങ്ങും. ക്വാർട്ടറിൽ ജയിച്ചാൽ നാലുപേർക്കും മെഡലുറപ്പിക്കാം. അമിത് പാംഗൽ ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ സ്കോട്‍ലൻഡിന്‍റെ ലെന്നൻ മുള്ളിഗനെ നേരിടും. വൈകിട്ട് ആറേകാലിനാണ് ജെയ്സ്മിന്‍റെ ക്വാർട്ടർ ഫൈനൽ. വനിതകളുടെ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ എതിരാളി ന്യൂസിലൻഡ് താരം ട്രോയ് ഗാർട്ടണാണ്. രാത്രി എട്ടിന് തുടങ്ങുന്ന മത്സരത്തിൽ സാഗറിന്‍റെ എതിരാളി സീഷെൽസിന്‍റെ കെഡ്ഡി ഇവാൻസ്. സൂപ്പർ ഹെവി വെയ്റ്റ് വിഭാഗത്തിലാണ് മത്സരം. രാത്രി പന്ത്രണ്ടരയ്ക്കാണ് രോഹിത്തിന്‍റെ ക്വാർട്ടർ ഫൈനൽ. വെൽട്ടർ വെയ്റ്റിൽ സേവ്യർ മറ്റാഫയെയാണ് രോഹിത് നേരിടുക. 

അത്‍ലറ്റിക്സിൽ മറ്റ് ഇന്ത്യൻ താരങ്ങളും ഇന്നിറങ്ങുന്നുണ്ട്. വനിതകളുടെ ഹാമർത്രോയിൽ സരിത റോമിത് സിംഗും മഞ്ജു ബാലയും ഉച്ചയ്ക്ക് രണ്ടരയ്ക്ക് യോഗ്യതാ മത്സരത്തിനിറങ്ങും. തൊട്ടുപിന്നാലെ വനിതകളുടെ 200 മീറ്ററിൽ ഹിമാ ദാസിന്‍റെ ഹീറ്റ്സ് നടക്കും.

കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ആറരയ്ക്ക് നടക്കുന്ന കളിയിൽ വെയിൽസാണ് എതിരാളി. ഇന്നലെ നടന്ന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത എട്ട് ഗോളിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. ഹര്‍മൻപ്രീത് സിംഗും ആകാശ് ദീപ് സിംഗും ഇരട്ട ഗോളുകൾ നേടിയപ്പോൾ അമിത് രോഹിത് ദാസ്, ലളിത് ഉപാധ്യയ്, ഗുര്‍ജന്ത് സിംഗ്, മൻദീപ് സിംഗ് എന്നിവര്‍ ഓരോ ഗോൾ വീതമടിച്ചു.

CWG 2022 : ഫെര്‍ഡിനാഡ് ഒമാനിയാല വേഗമേറിയ പുരുഷതാരം; വനിതകളില്‍ എലൈൻ തോംപ്‌സണ്‍

Latest Videos
Follow Us:
Download App:
  • android
  • ios