CWG 2022 : കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ഹോക്കിയില്‍ കാനഡയെ തളച്ച് ഇന്ത്യ സെമിയില്‍
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്‌ത്തിയത്
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (Commonwealth Games 2022) വനിതാ ഹോക്കിയില്‍ സെമിഫൈനലിലെത്തി ഇന്ത്യ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ(India Women's Hockey Team) വീഴ്‌ത്തിയത്. സെമിയില്‍ എത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനും ഇന്ന് മത്സരമുണ്ട്.
ഗെയിംസിന്‍റെ ആറാം ദിനമായ ഇന്ന് ഭാരോദ്വഹനത്തില്‍ ലൗവ്പ്രീത് സിംഗിലൂടെ ഇന്ത്യ മെഡല്‍ നേട്ടം തുടര്‍ന്നു.
പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ആകെ 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡോടെ ലൗവ്പ്രീത് സിംഗ് വെങ്കലം നേടി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും സ്‌നാച്ചില്‍ 163 കിലോയും ലൗവ്പ്രീത് ഉയര്‍ത്തി. ഇത് രണ്ടും ദേശീയ റെക്കോര്‍ഡാണ്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. ഇത്തവണ ഏറ്റവും കൂടുതല്‍ മെഡല്‍ രാജ്യത്തിന് സമ്മാനിച്ച ഭാരോദ്വഹനത്തിലെ മെഡല്‍ നേട്ടം 9 ആവുകയും ചെയ്തു.
ബോക്‌സിംഗിലും പ്രതീക്ഷ
ബോക്സിംഗിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജയിച്ചാൽ സെമിഫൈനൽ പ്രവേശത്തിനൊപ്പം ഇവർ മെഡലും ഉറപ്പിക്കും. വൈകിട്ട് 5.45ന് 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി. രാത്രി 11.15ന് 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത് സരീൻ വെയ്ൽസ് താരം ഹെലെൻ ജോൺസുമായി ഏറ്റുമുട്ടും. രാത്രി 12.45ന് 64 കിലോ വിഭാഗത്തിൽ ഒളിംപിക് മെഡലിസ്റ്റ് ലോവ്‍ലിന ബോർഗോഹെയ്ൻ വെയ്ൽസിന്‍റെ റോസീ എക്സെൽസിനെയും പുലർച്ചെ രണ്ടിന് 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാർ ഇംഗ്ലണ്ടിന്‍റെ ആരോൺ ബോവനെയും നേരിടും.
ഭാരോദ്വഹനത്തില്‍ മറ്റൊരു മെഡല്‍; ദേശീയ റെക്കോര്‍ഡോടെ വെങ്കലമുയര്‍ത്തി ലൗവ്പ്രീത് സിംഗ്