ലോൺ ബൗൾസില്‍ വനിതകളുടെ ചരിത്ര ഫൈനല്‍ വൈകിട്ട്, ഭാരോദ്വഹനത്തിലും പ്രതീക്ഷ; ഇന്ന് മെഡല്‍ വാരാന്‍ ഇന്ത്യ
ലോൺ ബൗൾസ് സെമിയില്‍ 1-6 എന്ന നിലയിൽ പിന്നിട്ടുനിന്ന ഇന്ത്യ അതിശക്തമായി തിരിച്ചുവരുകയായിരുന്നു
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) അഞ്ചാം ദിനമായ ഇന്ന് ലോൺ ബൗൾസിൽ സ്വർണ പ്രതീക്ഷയുമായി ഇന്ത്യൻ വനിതാ ടീം ഇറങ്ങും. വൈകിട്ട് നാലേകാലിന് തുടങ്ങുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നീ നാൽവർ സംഘം മെഡലുറപ്പിച്ചത്.
കണ്ണുകള്‍ ലോൺ ബൗൾസ് ഫൈനലില്‍
സെമിയില്‍ 1-6 എന്ന നിലയിൽ പിന്നിട്ടുനിന്ന ഇന്ത്യ അതിശക്തമായി തിരിച്ചുവരുകയായിരുന്നു. പതിമൂന്നിനെതിരെ പതിനാറ് പോയിന്‍റിനായിരുന്നു അട്ടിമറി വിജയം. ദക്ഷിണാഫ്രിക്ക സെമിയിൽ ഫിജിയെയാണ് തോൽപിച്ചത്. ഫൈനലിലെ മത്സരഫലമെന്തായാലും ലോൺ ബൗൾസിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് മെഡലുറപ്പായിക്കഴിഞ്ഞു. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിരുന്നു. നാല് പേരടങ്ങിയതാണ് ലോൺ ബൗൾസ് ടീമിനത്തിലെ മത്സരം. ഓരോ എൻഡിൽ നിന്ന് ടാർജറ്റിലേക്ക് ഓരോ ടീമിനും എട്ട് ത്രോ വീതം. ടാർജറ്റിനോട് ഏറ്റവും അടുത്ത് പന്തെത്തിക്കുന്നവർക്ക് കൂടുതൽ പോയിന്‍റ് കിട്ടും. പതിനെട്ട് എൻഡിൽ നിന്നാണ് ത്രോകൾ ഉണ്ടാവുക.
ലോംഗ്‌ജംപില്‍ മലയാളി പ്രതീക്ഷ
അതേസമയം അത്‍ലറ്റിക്‌സിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസും ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇരുവരുടേയും ലോംഗ്‌ജംപ് യോഗ്യതാ മത്സരം നടക്കും. വ്യാഴാഴ്ചയാണ് ലോംഗ്‌ജംപ് ഫൈനൽ. രാത്രി പന്ത്രണ്ടിന് ലോംഗ്‌ജംപ് യോഗ്യതാറൗണ്ടിൽ തേജശ്വിൻ ശങ്കറും മത്സരിക്കും. രാത്രി 12.50ന് വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനൽ നടക്കും. സീമ പൂനിയയും നവ്ജീത് കൗർ ധില്ലനുമാണ് ഇന്ത്യക്കായി ഡിസ്‌കസ് ത്രോയിൽ മത്സരിക്കുക.
ഭാരോദ്വഹനത്തിൽ മൂന്ന് ഫൈനല്‍
ടേബിൾ ടെന്നിസ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് ഇന്ന് സ്വർണ മെഡൽ പോരാട്ടമാണ്. വൈകിട്ട് ആറിനാണ് മത്സരം തുടങ്ങുക. സിംഗപ്പൂരാണ് എതിരാളികൾ. സ്ക്വാഷ് പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലിന്റെ സെമിഫൈനൽ രാത്രി ഒൻപതേകാലിന് നടക്കും. ബർമിംഗ്ഹാമിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ സമ്മാനിച്ച ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഇന്ന് മൂന്ന് ഫൈനലുണ്ട്. ഉച്ചയ്ക്ക് രണ്ടിന് വനിതകളുടെ 76 കിലോ വിഭാഗത്തിൽ പൂനം യാദവ് മത്സരിക്കും. വൈകിട്ട് ആറരയ്ക്ക് പുരുഷൻമാരുടെ 96 കിലോ വിഭാഗത്തിൽ വികാസ് താക്കൂറും രാത്രി പതിനൊന്നിന് വനിതകളുടെ 87 കിലോ വിഭാഗത്തിൽ ഉഷ ബന്നൂരും മെഡൽ പ്രതീക്ഷയുമായി ഇറങ്ങും.
വനിതാ ഹോക്കിയിലും അങ്കം
വനിതാ ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഘാനയെയും രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് വെയ്ൽസിനെയും തോൽപിച്ചിരുന്നു.
കോമൺവെൽത്ത് ഗെയിംസ്, ചരിത്രം കുറിച്ച് ലോൺ ബൗൾസ് ടീം, മെഡലുറപ്പിച്ച് സുശീല ദേവി; സജൻ പ്രകാശിന് നിരാശ