CWG 2022 : ഭാരോദ്വഹനത്തിലൂടെ മെഡല്‍ നേട്ടമുയര്‍ത്താന്‍ ഇന്ത്യ; നീന്തലിൽ സജൻ പ്രകാശിനും ഇന്ന് മത്സരം
നീന്തലിൽ മലയാളിതാരം സജൻ പ്രകാശിന്‍റെ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സ് വൈകിട്ട് നടക്കും
ബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) മൂന്നാംദിനവും ഭാരോദ്വഹനത്തിലാണ്(Weightlifting) ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. നീന്തലിൽ മലയാളി താരം സജൻ പ്രകാശ്(Sajan Prakash) ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും.
മീരാബായിയും സാങ്കേതും ഗുരുരാജും രണ്ടാംദിനം തുടങ്ങിവച്ചത് ആവർത്തിക്കാൻ ഭാരോദ്വഹനത്തിൽ മൂന്നാംദിനം ഇന്ത്യ കളത്തിലിറക്കുന്നത് മൂന്ന് താരങ്ങളെ. ഉച്ചയ്ക്ക് രണ്ടിന് 67 കിലോവിഭാഗത്തിൽ ജെറിമി ലാൽറിന്നുംഗയെയും രാത്രി പതിനൊന്നിന് 73 കിലോയിൽ അചിന്ത സിയോളിയും വൈകിട്ട് ആറരയ്ക്ക് വനിതകളുടെ 59 കിലോവിഭാഗത്തിൽ പോപി ഹസാരികയും കളത്തിലെത്തും. മൂവരും പോഡിയത്തിൽ എത്തുമെന്ന് ഇന്ത്യൻ പരിശീലകർ ഉറച്ച് വിശ്വസിക്കുന്നു.
നീന്തലിൽ മലയാളിതാരം സജൻ പ്രകാശിന്‍റെ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സ് വൈകിട്ട് 3:07ന് നടക്കും. തൊട്ടുപിന്നാലെ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജുമിറങ്ങും. ഫൈനലിൽ എത്തിയാൽ സജന്‍റെ മെഡൽപോരാട്ടം രാത്രി 11.58ന് അരങ്ങേറും. ബോക്സിംഗിൽ ശിവ ഥാപ്പ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് രണ്ടാം ജയത്തിനിറങ്ങുമ്പോൾ സുമിത്തിനും സാഗറിനുമൊപ്പം ഉറച്ച മെഡൽ പ്രതീക്ഷയായ നിഖാത് സരീനും ആദ്യറൗണ്ട് മത്സരമുണ്ട്. സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ, സൗരവ് ഘോഷാൽ എന്നിവരുടെ പ്രീക്വാർട്ടർ പോരാട്ടവും ഇന്നാണ്.
ഇതുവരെ നാല് മെഡലുകള്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ നാല് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ഏക സ്വര്‍ണം. ഗെയിംസ് റെക്കോർഡോടെയാണ് മീരാബായി സ്വർണം നിലനിർത്തിയത്. ഭാരദ്വേഹനത്തില്‍ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. രണ്ടാം ദിവസത്തെ അവസാന മത്സരത്തില്‍ ബിന്ധ്യാറാണി ദേവിയിലൂടെ ഗെയിംസില്‍ ഇന്ത്യ നാലാം മെഡൽ സ്വന്തമാക്കുകയായിരുന്നു. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണിയുടെ മെഡല്‍നേട്ടം.
അതേസമയം ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലോവ്‍ലിന ബോർഗോഹെയ്ൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 70 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഒളിംപിക് മെഡൽ ജേതാവായ ലോവ്‍ലിന ന്യൂസിലൻഡ് താരത്തെ തോൽപിച്ചു. 5-0 എന്ന സ്കോറിനായിരുന്നു ലോവ്‍ലിനയുടെ ജയം. മറ്റൊരു മത്സരത്തിൽ മുഹമ്മദ് ഹുസാമുദ്ദീൻ ദക്ഷിണാഫ്രിക്കൻ താരത്തെ തോൽപിച്ച് പ്രീക്വാർട്ടറിലെത്തി.
Commonwealth Games 2022 : നാലാം മെഡലുമായി ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെള്ളി