ദില്ലിയിലെ സ്വീകരണം അമ്പരപ്പിച്ചു, ടോക്കിയോയിലെ മോശം പ്രകടനത്തിന് കാരണം കാലാവസ്ഥ: കെ ടി ഇർഫാൻ
ടോക്കിയോയിൽ തിരിച്ചടിയുണ്ടായെങ്കിലും വരും മത്സരങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന ഇർഫാന് ആത്മവിശ്വാസമുണ്ട്
ദില്ലി: ടോക്കിയോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് മലയാളി താരം കെ ടി ഇർഫാൻ. ദില്ലി വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണം അമ്പരിപ്പിച്ചുവെന്ന് ഇർഫാൻ പറഞ്ഞു. വരും മത്സരങ്ങളെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളും താരം പങ്കുവെച്ചു. ഒളിംപിക്‌സിലെ 20 കി.മീ നടത്തത്തിൽ പങ്കെടുത്ത അമ്പത്തിരണ്ട് പേരിൽ 51-ാം സ്ഥാനത്താണ് കെ ടി ഇർഫാൻ മത്സരം പൂർത്തിയാക്കിയത്.
പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവെക്കാനാകാത്തതിൽ വില്ലനായത് കാലാവസ്ഥയാണ്. നല്ല ചൂടായിരുന്നു, മസിലിന് ചെറിയൊരു പിടുത്തമുണ്ടായിരുന്നു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് വിശ്വാസമുണ്ട്. ആദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക് മെഡല്‍ ലഭിച്ച ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും ഇര്‍ഫാന്‍ പറഞ്ഞു.
ടോക്കിയോയിൽ തിരിച്ചടിയുണ്ടായെങ്കിലും വരും മത്സരങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ഇർഫാന് ആത്മവിശ്വാസമുണ്ട്. മത്സരങ്ങൾക്കായി ഒരുക്കങ്ങൾ വൈകാതെ തുടങ്ങാനാണ് തീരുമാനം. നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ അത്‌ലറ്റുകൾക്കെല്ലാം വലിയ പ്രചോദനമാകുമെന്നും ഇര്‍ഫാന്‍ പറയുന്നു.
അഭിമാന താരങ്ങളെ വരവേറ്റ് രാജ്യം
ടോക്കിയോ ഒളിംപിക്‌സിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ കായിക താരങ്ങളെ രാജ്യം ഗംഭീര സ്വീകരണത്തോടെ വരവേറ്റു. കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, കിരൺ റിജിജു എന്നിവർ കായിക താരങ്ങൾക്ക് ഉപഹാരം കൈമാറി.
ആയിരകണക്കിന് കായിക പ്രേമികളാണ് ദില്ലി വിമാനത്താവളത്തിൽ താരങ്ങളെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. ജാവലിൽ ത്രോയിൽ സ്വർണം നേടി ചരിത്രം രചിച്ച നീരജ് ചോപ്ര, വെങ്കലത്തിളക്കവുമായി മലയാളി പി ആര്‍ ശ്രീജേഷ് ഉൾപ്പടെയുള്ള പുരുഷ ഹോക്കി ടീം, അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച വനിതാ ഹോക്കി ടീം, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലീന, ഗുസ്‌തി താരങ്ങളായ ബജ്റംഗ് പൂനിയ, രവി ദഹിയ തുടങ്ങിയ താരങ്ങൾക്കെല്ലാം വിമാനത്താവളത്തിൽ പ്രൗഢമായ സ്വീകരണം ലഭിച്ചു.
കായിക മന്ത്രാലയം ദില്ലിയിൽ താരങ്ങൾക്കായി പ്രത്യേക സ്വീകരണ പരിപാടിയും ഒരുക്കി. തൻറെ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് ചടങ്ങിൽ നീരജ് ചോപ്ര പറഞ്ഞു. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്നും ഇന്ത്യയുടെ യശസ്സ് താരങ്ങൾ വാനോളം ഉയർത്തിയെന്നും ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാർ പറഞ്ഞു. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഒളിംപിക്‌സ് ജേതാക്കൾ പ്രത്യേക അതിഥികളായെത്തും.
ശ്രീജേഷിന് ഇന്ന് കേരളത്തിന്‍റെ സ്വീകരണം
അതേസമയം ടോക്കിയോ ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലംഗമായ മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. ശ്രീജേഷിന് വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍ നേരിട്ടെത്തും. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
അഭിമാനതാരത്തെ വരവേല്‍ക്കാന്‍ കേരളം; ശ്രീജേഷ് വൈകിട്ട് കൊച്ചിയില്‍, വമ്പന്‍ സ്വീകരണം
സ്വര്‍ണത്തിളക്കത്തില്‍ നീരജ് തിരിച്ചെത്തി; ഗംഭീര വരവേല്‍പ്പുമായി രാജ്യം
പുരുഷ-വനിതാ ഹോക്കി ടീമുകള്‍ ഇന്ത്യയിലെത്തി, വീരോചിത വരവേല്‍പ്പ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona