Peng Shuai | ചൈനീസ് മുൻ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചെന്ന് ആരോപണം; ടെന്നീസ് താരത്തെ കാണാനില്ല, ചോദ്യവുമായി ലോകം
പെങ് ഷുവായി ജീവനോടെയുണ്ട് എന്നതിന് ചൈന തെളിവ് പുറത്തുവിടണം എന്നാവശ്യപ്പെട്ട് യുഎന്നും യുഎസും പ്രമുഖ ടെന്നീസ് താരങ്ങളും രംഗത്ത്
ബീജിംഗ്: ചൈനീസ് മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരായ(Zhang Gaoli) ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുവായി(Peng Shuai) എവിടെ എന്ന ചോദ്യവുമായി ലോകം. മുപ്പത്തിയഞ്ചുകാരിയായ പെങ് ഷുവായി എവിടെ എന്ന ചോദ്യവുമായി യുഎന്നും(United Nations) യുഎസും(US) നിരവധി കായിക താരങ്ങളും രംഗത്തെത്തി. എന്നാല്‍ സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്‍റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം. സിഎന്‍എന്‍ ഉള്‍പ്പടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
അന്വേഷണം വേണമെന്ന് യുഎന്‍
പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പെങ്ങിന്‍റെ ജീവനില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കനത്ത ആശങ്ക പ്രകടിപ്പിച്ചു. അതേസമയം 73കാരനായ ചൈനീസ് നേതാവിനെതിരായ ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് യുഎന്നിന്‍റെ ആവശ്യം. പെങ് അപ്രത്യക്ഷയായ സംഭവത്തെ തുടര്‍ന്ന് ചൈന വേദിയാവുന്ന ടൂര്‍ണമെന്‍റുകള്‍ പിന്‍വലിക്കും എന്നാണ് വനിതാ ടെന്നീസ് അസോസിയേഷന്‍റെ പ്രതികരണം.
‘പെങ് ഷുവായി എവിടെ?’- ചോദ്യവുമായി കായികലോകം
‘പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്‌ടാഗില്‍ താരത്തിനായി സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപയിന്‍ ഇതിനിടെ ശക്തമായി. ടെന്നീസ് സൂപ്പര്‍താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, സിമോണ ഹാലെപ്പ് തുടങ്ങിയവര്‍ ക്യാംപയിന്‍റെ ഭാഗമായി.
ഒന്നും അറിയില്ലെന്ന് ചൈന
എന്നാല്‍ വിവാദങ്ങളെ കുറിച്ച് അറിയില്ല എന്നാണ് ചൈനീസ് പ്രതികരണം. നയതന്ത്രപരമായ ചോദ്യമല്ലെന്നും വിഷയത്തേക്കുറിച്ച് അറിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ പെങ് ഷുവായി സുരക്ഷിതയാണെന്നും പൊതുവേദിയില്‍ ഉടന്‍ പ്രത്യക്ഷപ്പെടുമെന്നും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്‍റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ പ്രതികരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്‌ലിക്ക് കീഴിലുള്ള പത്രമാണ് ദ് ഗ്ലോബൽ ടൈംസ്.
കടുത്ത സെന്‍സറിംഗ്?
നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്ബോ വഴിയാണ് സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണം പെങ് ഷുവായി ഉന്നയിച്ചത്. പോസ്റ്റ് ഉടന്‍ വെയ്‌ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ കനത്ത സെന്‍സറിംഗ് നടന്നു എന്നാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
പെങ് ഷുവായി- ചൈനയിലെ സൂപ്പര്‍ ഹീറോ
ചൈനയിലെ ഏറ്റവും പ്രശസ്‌തയായ കായിക താരങ്ങളിലൊരാളാണ് പെങ് ഷുവായി. ലോക മുൻ ഒന്നാം നമ്പർ ഡബിൾസ് താരമാണ്. ഒന്നാം റാങ്കിലെത്തിയ ആദ്യ ചൈനീസ് താരം എന്ന നേട്ടം പെങ്ങിനുണ്ട്. 2013ൽ വിംബിൾഡനും 2014ല്‍ ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടവും സ്വന്തമാക്കി. കരിയറിലാകെ രണ്ട് സിംഗിള്‍സും 22 ഡബിള്‍സ് കിരീടങ്ങളുമുയര്‍ത്തി. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. മൂന്ന് ഒളിംപിക്സിൽ പങ്കെടുത്തതും സവിശേഷതയാണ്.