ചാനുവിന്റെ വെള്ളി സ്വര്‍ണമാവില്ല; സ്ഥിരീകരണം നല്‍കി ഉത്തേജക മരുന്ന് പരിശോധന ഏജന്‍സി
ചൈനീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്താരാഷ്ട്ര പരിശോധന ഏജന്‍സിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
ടോക്യോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനു നേടിയ വെള്ളി സ്വര്‍ണമാകില്ല. നേരത്തെ ചാനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത. ചൈനീസ് താരത്തോട് ടോക്യോയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നും പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്വര്‍ണം നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു.
എന്നാല്‍ ചൈീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്താരാഷ്ട്ര പരിശോധന ഏജന്‍സിയാണ് (ഐടിഎ) ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ഏജന്‍സി അറിയിച്ചു. ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും ഏജന്‍സി.
സ്നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചാനു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയിരുന്നത്. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്.
ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.