ജയില്‍ മോചനത്തിന് ശേഷം ആദ്യമായി ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലെത്തി ബ്രിട്‍നി ഗ്രൈനര്‍
റഷ്യയിലെ തടവ് ജീവിതം ബ്രിട്നിയെ സാരമായി ബാധിച്ചിരുന്നു. ഇതിന്‍റെ ആഘാതം മറികടക്കാനുള്ള പരിശീലനത്തിലും പരിശോധനകളിലുമാണ് ബ്രിട്നി നിലവിലുള്ളത്.
റഷ്യയില്‍ തടവിലായിരുന്ന ബാസ്‍കറ്റ്ബോള്‍ സൂപ്പര്‍താരം ബ്രിട്‍നി ഗ്രൈനര്‍ ജയില്‍ മോചനത്തിന് ശേഷം ആദ്യമായി കോര്‍ട്ടിലെത്തി. ടെക്സാസിലെ സാന്‍ അന്‍റോണിയോ സൈനിക ബേസിലാണ് താരം ഏറെക്കാലത്തിന് ശേഷം ബാസ്കറ്റ് ബോള്‍ കളിച്ചത്. റഷ്യയിലെ തടവ് ജീവിതം ബ്രിട്നിയെ സാരമായി ബാധിച്ചിരുന്നു. ഇതിന്‍റെ ആഘാതം മറികടക്കാനുള്ള പരിശീലനത്തിലും പരിശോധനകളിലുമാണ് ബ്രിട്നി നിലവിലുള്ളത്. വെള്ളിയാഴ്ച രാവിലെയാണ് മരണ വ്യാപാരിയെന്ന പേരില്‍ കുപ്രസിദ്ധി നേടിയ മുന്‍ റഷ്യന്‍ സൈനികന് പകരമായി റഷ്യ വിട്ടുനല്‍കിയത്.
യുഎസ് ടീമംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ ഫീനിക്സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍താരവുമായ ഗ്രൈനര്‍ രണ്ട് തവണ ഒളിംപിക് സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരി 17 -ന് ലഹരിപദാര്‍ത്ഥം കയ്യില്‍ വച്ചു എന്ന കുറ്റത്തിന് ഗ്രൈനര്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. മോസ്കോ വിമാനത്താവളത്തില്‍ വച്ചായിരുന്നു ഈ അറസ്റ്റ്. അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് ഗ്രൈനര്‍ പറഞ്ഞുവെങ്കിലും റഷ്യന്‍ കോടതി അതൊന്നും മുഖവിലയ്ക്കെടുത്തില്ല. ഇതോടെ ഒമ്പത് വര്‍ഷത്തെ തടവിന് താരം ശിക്ഷിക്കപ്പെടുകയായിരുന്നു.
ഗ്രൈനറുടെ ആരാധകരുടെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് യുഎസ് സര്‍ക്കാര്‍ ഗ്രൈനറെ മോചിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പകരമായി ആയുധ വ്യാപാരിയും മുന്‍ റഷ്യന്‍ സൈനികനുമായ വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് കൈമാറാന്‍ ധാരണയാവുകയായിരുന്നു. ജയില്‍ മോചിതയായ ശേഷം നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗ്രൈനര്‍ മണിക്കൂറുകളോളം സംസാരിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ദീര്‍ഘനാളത്തെ ജയില്‍വാസത്തിന് ശേഷം ഗ്രൈനര്‍ മദ്യപിച്ചുവെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.