പാരീസ് ഒളിംപിക്സിൽ ബ്രേക്ക് ഡാന്‍സും കോംപിറ്റീഷന്‍ ഐറ്റം; 2 സ്വര്‍ണത്തിനായി മത്സരിക്കുന്നത് 32 താരങ്ങള്‍
ഡൗൺ റോക്ക്, ടോപ് റോക്ക്, പവർ മൂവ്‌സ്, ഫ്രീസ് എന്നീ ഇനങ്ങളിലാണ് മത്സരം. ബി ബോയ്‌സ്, ബി ഗേൾസ് എന്നിങ്ങനെ രണ്ടു വിഭാങ്ങളിലാണ് മത്സരം.
പാരീസ്: പാരിസില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബ്രേക്ക് ഡാന്‍സ്. ഡാന്‍സിനോട് അടുപ്പമുണ്ടെങ്കിലും കൃത്യമായ ഫിറ്റ്നസും സൂക്ഷിക്കേണ്ട കായിക ഇനമാണിത്. ബ്രേക്കിങ് എന്നാണ് ഒളിംപിക്സില്‍ ഈ കായിക ഇനത്തിന്റെ പേര്
ബ്രേക്ക് ഡാന്‍സ് കലയാണോ കായിക ഇനമാണോ. ചോദ്യം ഈ വര്‍ഷമായതുകൊണ്ട് ഉത്തരം സിംപിളാണ്. പാരീസില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ബ്രേക്ക് ഡാന്‍സിനെ തല്‍ക്കാലം നമുക്ക് കായിക ഇനത്തില്‍ പെടുത്താം. ചില മുന്‍ ധാരണകളെ ബ്രേക്ക് ചെയ്യാനാണ് ഇത്തവണ ബ്രേക്ക് ഡാന്‍സിനെ മത്സരയിനമായി ഉള്‍പ്പെടുത്തയതെന്നാണ് ഒളിംപിക്സ് സംഘാടകര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ പേരിലെ ഡാന്‍സെടുത്ത് കളഞ്ഞു. ബ്രേക്കിങ് എന്നാണ് ഇനത്തിന് ഒളിംപികിസിലെ പേര്. ഡാൻസ് മാത്രമല്ല, കൃത്യമായ അത്‌ലറ്റിസവും സൂക്ഷ്മതയും ഫിറ്റ്നസും ആവശ്യമുള്ള കായിക ഇനം കൂടിയാണ് ഇതെന്ന പ്രഖ്യാപനമാണിത്. പാരിസില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരേയൊരു കായിക ഇനമാണ് ബ്രേക്കിങ്.
ഡൗൺ റോക്ക്, ടോപ് റോക്ക്, പവർ മൂവ്‌സ്, ഫ്രീസ് എന്നീ ഇനങ്ങളിലാണ് മത്സരം. ബി ബോയ്‌സ്, ബി ഗേൾസ് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലാണ് മത്സരം. ഇരു വിഭാഗത്തിലും 16 പേർവീതം. വ്യക്തിഗതമായാണ് മത്സരം. ഒരു വിഭാഗത്തിൽ ഒരു മത്സരാർഥിയുടെ ഊഴം കഴിഞ്ഞാൽ എതിരാളി ഇറങ്ങും. ജേതാക്കളെ നിശ്ചയിക്കാൻ അഞ്ചു ജഡ്ജുമാരുണ്ടാകും. ക്രിയേറ്റിവിറ്റി, പേഴ്‌സണാലിറ്റി, ടെക്‌നിക്, വെറൈറ്റി, പെർഫോമേറ്റിവിറ്റി, മ്യൂസിക്കാലിറ്റി എന്നിങ്ങനെ ആറുവിഭാഗങ്ങളിലാണ് പോയിന്റ് നൽകുന്നത്. ടെക്‌നിക്, പെർഫോമേറ്റിവിറ്റി, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി 60 ശതമാനം പോയിന്റുണ്ടാകും. മറ്റ് മൂന്ന് വിഭാഗങ്ങളിലായി 40 ശതമാനവും.
1970-കളിൽ ന്യൂയോർക്കിലെ തെരുവുകളിൽ യുവാക്കൾക്കിടയിൽ അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗം, പിന്നീട് യൂറോപ്പിലേക്കും മറ്റ് ഭൂഖണ്ഡങ്ങളിലേക്കും ചുവടുവെച്ചു. 2018-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന യൂത്ത് ഒളിമ്പിക്സിലൂടെയാണ് മത്സരയിനമായി ചുവടുറപ്പിച്ചത്. യുവാക്കളില്‍ വലിയ ആവേശമുണ്ടാക്കാന്‍ മത്സരയിനത്തിന് സാധിക്കുമെന്ന് കണ്ടാണ് ബ്രേക്ക് ഡാന്‍സിനെ ഒളിംപിക്സിലേക്കുള്‍പ്പെടുത്തിയത്. ജൂലൈ 26ന് ആരംഭിക്കുന്ന ഒളിംപിക്സില്‍ ഓഗസ്റ്റ് 9,10 ദിവസങ്ങളിലായാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക