വിവാദം കത്തുന്നു! ലവ്‌ലിന ബോര്‍ഗോഹെയ്‌നിന്റെ തോല്‍വിക്ക് കാരണം ബോക്‌സിംഗ് ഫെഡറേഷന്‍?
തുടക്കം മുതല്‍ ലവ്‌ലിനക്ക് നല്ല അനുഭവങ്ങളായിരുന്നില്ല. ലവ്‌ലിനയുടെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കൂടിയായ പരിശീലക സന്ധ്യ ഗുരുങ്ജിയെ ഫെഡറേഷന്‍ ആദ്യം ക്യാംപിലേക്ക് പരിഗണിച്ചില്ല.
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (CWG 2022) വനിതാ ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നിന്റെ (Lovlina Borgohain) തോല്‍വിക്ക് ഉത്തരവാദി ബോക്‌സിംഗ് ഫെഡറേഷനെന്ന് വിമര്‍ശനം. അനാവശ്യ ഇടപെടല്‍ നടത്തി താരത്തിന്റെ ആത്മവിശ്വാസം തകര്‍ത്തെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആക്ഷേപം. ടോക്കിയോ ഒളിംപിക്‌സിലെ (Tokyo Olympics) വെങ്കല മെഡല്‍ ജേതാവായ ലവ്‌ലിന ബോര്‍ഗോഹെയിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു.
എന്നാല്‍ തുടക്കം മുതല്‍ ലവ്‌ലിനക്ക് നല്ല അനുഭവങ്ങളായിരുന്നില്ല. ലവ്‌ലിനയുടെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കൂടിയായ പരിശീലക സന്ധ്യ ഗുരുങ്ജിയെ ഫെഡറേഷന്‍ ആദ്യം ക്യാംപിലേക്ക് പരിഗണിച്ചില്ല. ഒടുവില്‍ സന്ധ്യയെ ഉള്‍പ്പടുത്തിയപ്പോഴേക്കും ലവ്‌ലിനക്ക് പരിശീലനത്തിന്റെ വിലയേറിയ 8 ദിനങ്ങള്‍ നഷ്ടമായി. ബെര്‍മിംഗ്ഹാമിലെത്തിയപ്പോള്‍ ഗെയിംസ് വില്ലേജില്‍ പരിശീലകയ്ക്ക് താമസ സൗകര്യം ഒരുക്കാത്തതടക്കം വീണ്ടും ഫെഡറേഷന്റെ കളികള്‍.
ഒടുവില്‍ സഹികെട്ട് ലവ്‌ലിന പൊട്ടിത്തെറിച്ചു. ഫെഡറേഷന്‍ തന്നെയും പരിശീലകരെയും വേട്ടയാടുന്നുവെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ച് പരിശീലനത്തിന് തടസം നില്‍ക്കുന്നെന്നും പറഞ്ഞു. കായിക മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് ഒടുവില്‍ ലവ്‌ലിനയെ അനുനയിപ്പിച്ചത്. എന്നാല്‍ മോശം അനുഭവങ്ങളിലൂടെ കടന്നുവന്ന ലവ്‌ലിനക്ക് പിഴച്ചു.
ക്വാര്‍ട്ടറില്‍ വെയില്‍സ് താരത്തോട് അപ്രതീക്ഷിത തോല്‍വി. അനാവശ്യ ഇടപെടലുകള്‍ നടത്തി താരത്തെ സമ്മര്‍ദത്തിലാക്കിയ ബോക്‌സിംഗ് ഫെഡറേഷനെതിരെ കായികമന്ത്രാലയം നടപടിയെടുക്കണമെന്നാണ് ആരാധര്‍ ആവശ്യപ്പെടുന്നത്.