ഭവാനി ദേവി ഒളിംപിക് ഫെന്‍സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു; കേരളത്തിനും അഭിമാനിക്കാം
ഫെന്‍സിംഗില്‍ ഭവാനിയെ ഒളിംപിക്‌സ് വരെ എത്തിക്കുന്നതില്‍ സാഗറിന്റെ തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭവാനിയുടെത് മികച്ച പ്രകടനം ആയിരിക്കും ഒളിംപിക്‌സിലേതെന്ന് പരിശീലകന്‍ ഉറപ്പ് പറയുന്നു.
കണ്ണൂര്‍: ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഫെന്‍സിംഗില്‍ ഒരു ഇന്ത്യന്‍ താരം മത്സരത്തിനിറങ്ങുമ്പോള്‍ ഏറെ ആഹ്‌ളാദത്തിലാണ് കണ്ണൂരുകാര്‍. തലശേരി സായി സെന്‍ന്റിന്റെ സംഭാവനയാണ് ഫെന്‍സിംഗ് സാബര്‍ വിഭാഗത്തില്‍ യോഗ്യത നേടിയ സി എ ഭവാനി ദേവി.
ഭവാനിയുടെ ഒളിംപിക്‌സ് പങ്കാളിത്തത്തിന്റെ എല്ലാ കടപ്പാടും കോച്ച് സാഗര്‍ എസ് ലാഗുവിനും തലശ്ശേരി സായി കേന്ദ്രത്തിനുമുള്ളതാണ്. ഫെന്‍സിംഗില്‍ ഭവാനിയെ ഒളിംപിക്‌സ് വരെ എത്തിക്കുന്നതില്‍ സാഗറിന്റെ തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭവാനിയുടെത് മികച്ച പ്രകടനം ആയിരിക്കും ഒളിംപിക്‌സിലേതെന്ന് പരിശീലകന്‍ ഉറപ്പ് പറയുന്നു.
വിവിധ രാജ്യാന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഭവാനിക്ക് ഒളിംപിക്‌സിലേക്ക് വഴി തുറന്നത്. കോമണ്‍വെല്‍ത്ത് ഫെന്‍സിങ്ങില്‍ സ്വര്‍ണവും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ് ഭവാനി ഇപ്പോള്‍. തലശേരി ഗവ ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബ്രണ്ണന്‍ കോളജിലുമായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
ഏതാനും വര്‍ഷമായി ഇറ്റലി, ഹംഗറി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വിദഗ്ധ പരിശീലനത്തിലാണ് ഭവാനി. തലശേരി സായ് കേന്ദ്രത്തില്‍ നിന്ന് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ താരമാണ് ഭവാനി. ലണ്ടന്‍ ഒളിംപ്ക്‌സില്‍ ട്രിപ്പിള്‍ ജംപില്‍ പങ്കെടുത്ത മയൂഖ ജോണിയാണ് സായിയില്‍ നിന്നുള്ള ആദ്യ ഒളിംപ്യന്‍.