മൂന്ന് തവണ ഏഷ്യന്‍ ചാംപ്യഷിപ്പ് നേടിയ കസാഖ് താരത്തെ വീഴ്ത്തി; ഗുസ്തിയില്‍ ബജ്‌റംഗിന് വെങ്കലം

മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള കസാഖ്സ്ഥാന്റെ ദൗളത് നിയാസ്‌ബെകോവിനെയാണ് ബജ്‌റംഗ് വീഴ്ത്തിയത്. കസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല.

Bajrang Punia won Bronze in Olympic Wrestling

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈയ്ല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടിയതോടെയാണ് ഇന്ത്യന്‍ മെഡല്‍ നേട്ടം ആറാക്കി ഉയര്‍ത്തിയത്. മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള കസാഖ്സ്ഥാന്റെ ദൗളത് നിയാസ്‌ബെകോവിനെയാണ് ബജ്‌റംഗ് വീഴ്ത്തിയത്. കസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യന്‍ താരം എട്ട് പോയിന്റുകള്‍ സ്വന്തമാക്കി. 

ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവികുമാര്‍ ദഹിയ വെള്ളി നേടിയിരുന്നു. നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് ബജ്‌റംഗ് പൂനിയ സെമിയിലെത്തിയിരുന്നത്. എന്നാല്‍ സെമിയില്‍ മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌റംഗ് തോല്‍ക്കുകയായിരുന്നു.
 
നേരത്തെ, 86 കിലോ വിഭാഗത്തില്‍ ദീപക് പൂനിയക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരുന്നത്. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. അതേസമയം വനിതകളുടെ 50 ഫ്രീസ്റ്റൈലില്‍ സീമ ബിസ്ല ടുണീഷ്യന്‍ താരം സാറ ഹംദിയോട് പരാജയപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആറാം മെഡലാണിത്. രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവി കുമാറിനും ബജ്‌റംഗിനും പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിംഗില്‍ ലൊവ്ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.

Latest Videos
Follow Us:
Download App:
  • android
  • ios