ഓസ്ട്രിയൻ ഗ്രാൻപ്രിയിലെ വംശീയാധിക്ഷേപവും സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവും; ആഞ്ഞടിച്ച് വെഴ്സ്റ്റപ്പന്‍
മത്സരത്തിനിടെ സ്ത്രീകളെ മോശമായി സ്‍പർശിച്ചതായും വംശീയാധിക്ഷേപം നടന്നതായും വ്യാപക പരാതി ഉയരുകയായിരുന്നു
ഓസ്ട്രിയ: ഓസ്ട്രിയൻ ഗ്രാൻപ്രിക്കിടെ(Austrian GP 2022) ഒരുകൂട്ടം കാണികളുടെ ഭാഗത്തുനിന്ന് വംശീയാധിക്ഷേപവും സ്ത്രീകള്‍ക്കെതിരെ മോശം പെരുമാറ്റവും സംഭവിച്ചതിനെ അപലപിച്ച് റെഡ്ബുള്ളിന്‍റെ(Red Bull) മാക്സ് വെഴ്സ്റ്റപ്പന്‍(Max Verstappen). 'സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ഞെട്ടിക്കുന്ന കുറച്ച് കാര്യങ്ങള്‍ വായിച്ചു. അത് അംഗീകരിക്കാനാവില്ല. ഇതൊന്നും ഞാന്‍ പറയേണ്ട കാര്യം പോലുമില്ല. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്ന പൊതുബോധമാണുണ്ടാവേണ്ടത്' എന്നും വെഴ്സ്റ്റപ്പന്‍ പ്രതികരിച്ചു.
ഓസ്ട്രിയൻ ഗ്രാൻപ്രിക്കിടെ വംശീയാധിക്ഷേപവും സ്ത്രീകളെ അപമാനിച്ച സംഭവവും നടന്നതിനെതിരെ വ്യാപകപ്രതിഷേധം ഉയരുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അപലപിച്ച് ഫോർമുലവൺ അധികൃതർ രംഗത്തെത്തിയിരുന്നു. ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എഫ്1 വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫോർമുല വണ്‍ അധികൃതർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടണും പ്രതിഷേധം അറിയിച്ചു. എല്ലാസ്ഥലവും ആരാധകർക്ക് സുരക്ഷിതമാക്കാൻ അധികൃതർ ഇടപെടണമെന്ന് ഹാമിൽട്ടൺ പറഞ്ഞു.
മത്സരത്തിനിടെ ഒരു കൂട്ടം ആരാധകർ ചിലരെ വംശീയമായി അധിക്ഷേപിക്കുകയും സ്ത്രീകളെ മോശമായി സ്പർശിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. ഒരു ലക്ഷത്തി അയ്യായിരം ആരാധകരാണ് മത്സരം കാണാനെത്തിയത്.
അതേസമയം ഫോർമുലവൺ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ ചാൾസ് ലെക്ലെർക്ക് കിരീടം സ്വന്തമാക്കി. പോൾപൊസിഷനിൽ മത്സരം തുടങ്ങിയ റെഡ്ബുള്ളിന്‍റെ മാക്സ് വെഴ്സ്റ്റപ്പനെ പിന്നിലാക്കിയാണ് ലെക്ലെർക്ക്കി രീടത്തിലെത്തിയത്. മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽടൺ മൂന്നാമതും ജോർജ് റസൽ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ വെഴ്സ്റ്റപ്പൻ തന്നെയാണ് ഒന്നാമത്. 6 ജയവുമായി 208 പോയിന്‍റാണ് വെഴ്സ്റ്റപ്പനുള്ളത്. ചാൾസ് ലെക്ലെർക് രണ്ടും സെർജിയോ പെരസ് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു.
Austrian GP : വംശീയാധിക്ഷേപവും സ്ത്രീകളെ മോശമായി സ്‍പർശിക്കലും; ഓസ്ട്രിയൻ ഗ്രാൻപ്രി വിവാദത്തില്‍