ആവേശം അണപൊട്ടി; ശിഷ്യയുടെ വിജയം മതിമറന്ന് ആഘോഷിച്ച് പരിശീലകന്‍
ഫിനിഷിംഗ് പോയന്‍റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വലിയ സ്ക്രീനുകളിൽ തെളിഞ്ഞ നിമിഷമായിരുന്നു ഒളിംപിക്സ് ലോകം ഇതുവരെ കാണാത്ത ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്.
ടോക്യോ: ഒളിംപിക് മെഡല്‍ നേട്ടം താരങ്ങള്‍ പലരീതിയില്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ തന്‍റെ ശിഷ്യയുടെ നേട്ടം മതിമറന്ന് ആഘോഷിച്ച ഒരു പരിശീലകനാണ് ടോക്യോ ഒളിംപിക്സിലെ ഇന്നത്തെ വൈറൽ കാഴ്ച. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തല്‍ മത്സരത്തിൽ ഓസ്ട്രേലിയയുടെ അരിയാര്‍നെ ടിറ്റ്മെസ് ഒന്നാം സ്ഥാനത്തെത്തിയത് മതി മറന്ന് ആഘോഷിക്കുന്ന പരിശീലകനായ ഡീൻ ബോക്സാലിന്‍റെ ദൃശ്യങ്ങളാണ് കായികലോകം ഏറ്റെടുത്തത്.
നീന്തലില്‍ അമേരിക്കയുടെ ഇതിഹാസതാരമായ കാറ്റി ലെഡക്കിയയെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ മറികടന്നാണ് ടിറ്റ്മെസ് സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനങ്ങളില്‍ അഞ്ച് സ്വര്‍ണം നേടിയിട്ടുള്ള ലെഡക്കിയുടെ ഒളിംപിക്സിലെ ആദ്യ തോല്‍വിയാണിത്. ഫിനിഷിംഗ് പോയന്‍റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വലിയ സ്ക്രീനുകളിൽ തെളിഞ്ഞ നിമിഷമായിരുന്നു ഒളിംപിക്സ് ലോകം ഇതുവരെ കാണാത്ത ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്.
കരുത്തയായ കാറ്റിയെ തോൽപ്പിക്കുക എന്നത് അസാധ്യമെന്ന് പ്രവചിച്ചവര്‍ക്കുള്ള മറുപടി കൂടിയുണ്ട് ബോക്സാലിന്‍റെ ഈ വിജയാഘോഷത്തിന് പിന്നില്‍. ചിട്ടയായ തയ്യാറെടുപ്പിലൂടെയാണ് അരിയാര്‍നെയും കോച്ച് ബോക്സാലും അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയത്.
ജൂനിയർ ചാമ്പ്യൻഷിപ്പിൽ വച്ചാണ് അരിയാര്‍നെയും കോച്ച് ബോക്സാലും ആദ്യം കണ്ടുമുട്ടിയത്. കർക്കശക്കാരനെങ്കിലും ഇരുവരും തമ്മില്‍ വലിയ ആത്മബന്ധമുണ്ട്. റിലേ ഇനങ്ങളിൽ തിളങ്ങുമ്പോഴും ബീജിംഗിന് ശേഷം വ്യക്തിഗത ഇനങ്ങളിലുണ്ടായ തിരിച്ചടി അവസാനിപ്പിക്കുകയാണ് അരിയാര്‍നെ ടിറ്റ്മെസിലൂടെ ഓസ്ട്രേലിയ.