ഓസ്ട്രേലിയന്‍ ഓപ്പണ്‍: അഞ്ചു സെറ്റ് ത്രില്ലറില്‍ നദാലിനെ അട്ടിമറിച്ച് സിറ്റ്സിപാസ് സെമിയില്‍
സെമിയില്‍ ഡാനിയേല്‍ മെദ്‌ദേവാണ് സിറ്റ്സിപാസിന്‍റെ എതിരാളി. കഴിഞ്ഞ 246 മത്സരങ്ങളില്‍ ആദ്യ രണ്ട് സെറ്റ് നേടിയശേഷം നദാല്‍ മത്സരം തോല്‍ക്കുന്നത് ഇതാദ്യമാണ്.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ അഞ്ചു സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സ്പെയിനിന്‍റെ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിലെത്തി. ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നില്‍ ആദ്യ രണ്ടു സെറ്റ് നഷ്ടമായിട്ടും തളരാതെ പൊരുതി തുടര്‍ച്ചയായി മൂന്ന് സെറ്റ് സ്വന്തമാക്കിയാണ് സിറ്റ്സിപാസ് നദാലിനെ വീഴ്ത്തി സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍ 3-6, 2-6, 7-6, 6-4, 7-5.
സെമിയില്‍ ഡാനിയേല്‍ മെദ്‌ദേവാണ് സിറ്റ്സിപാസിന്‍റെ എതിരാളി. കഴിഞ്ഞ 246 മത്സരങ്ങളില്‍ ആദ്യ രണ്ട് സെറ്റ് നേടിയശേഷം നദാല്‍ മത്സരം തോല്‍ക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും സെമിയിലെത്തിയ സിറ്റ്സിപാസിന്‍റെ മൂന്നാം ഗ്ലാന്‍സ്ലാം സെമി ഫൈനലാണിത്. തോല്‍വിയോടെ റോജര്‍ ഫെഡററുടെ 20 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നാഴികക്കല്ല് മറികടക്കാന്‍ നദാല്‍ ഇനിയും കാത്തിരിക്കണം. ഇരുവര്‍ക്കും നിലവില്‍ ഇരുപത് ഗ്ലാന്‍സ്ലാം കിരീടങ്ങളാണുള്ളത്.
ആദ്യ രണ്ടുസെറ്റിലും കാര്യമായ പോരാട്ടമൊന്നുമില്ലാതെ സെറ്റ് സ്വന്തമാക്കിയ നദാലിനെ മൂന്നാം സെറ്റില്‍ ടൈ ബ്രേക്കറിലെത്തിച്ചാണ് ലോക ആറാം നമ്പര്‍ താരമായ സിറ്റ്സിപാസ് തിരിച്ചുവരവിന്‍റെ സൂചനകള്‍ നല്‍കിയകത്. ടൈ ബ്രേക്കറില്‍ നദാല്‍ വരുത്തിയ രണ്ട് പിഴവുകള്‍ മുതലെടുത്ത് മൂന്നാം സെറ്റ് സ്വന്തമാക്കിയ സിറ്റ്സിപാസ് പിന്നീട് മൂന്ന് രണ്ട് സെറ്റുകള്‍ കൂടി നേടി ഐതിഹാസിക ജയവും സ്വന്തമാക്കി.
ആന്ദ്രേ റുബ്‌ലേവിനെ കീഴടക്കിയ ഡാനിയേല്‍ മെദ്‌ദേവ് ആണ് സെമിയില്‍ സിറ്റ്സിപാസിന്‍റെ എതിരാളി. നേരിട്ടുള്ള സെറ്റുകളിലായിരുന്നു റുബ്‌ലേവിനെതിരെ മെദ്‌ദേവിന്‍റെ ജയം. സ്കോര്‍ 7-5, 6-3, 6-1.