Australian Open : അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍! നദാലിനെ അഭിനന്ദിച്ച് ഫെഡററും ജോക്കോവിച്ചും
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരം 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം ആഘോഷിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരിലായിരുന്നു നദാലിന്റെ ജയം.
സൂറിച്ച്: ലോക ടെന്നിസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ റാഫേല്‍ നദാലിനെ (Rafael Nadal) അഭിനന്ദിച്ച് സമകാലീകരായ നൊവാക് ജോക്കോവിച്ചും (Novak Djokovic) റോജര്‍ ഫെഡററും (Roger Fed-erer). ഇന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരം 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം ആഘോഷിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരിലായിരുന്നു നദാലിന്റെ ജയം. അതും ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ.
സ്വിസ് ഇതിഹാസം ഫെഡറര്‍, സെര്‍ബിയയുടെ ലോക ഒന്നാംനമ്പര്‍ ജോക്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് നദാല്‍ 21ലെത്തിയത്. ഇരുവര്‍ക്കും 20 കിരീടങ്ങള്‍ വീതമാണുള്ളത്. പിന്നാലെ നദാലിനെ അഭിനന്ദിച്ച് ഫെഡററും ജോക്കോവിച്ചും രംഗത്തെത്തി. ഫെഡറര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ സന്തോഷം പങ്കുവച്ചത്. ഫെഡററുടെ അടുത്ത സുഹൃത്തുകൂടിയാണ് നദാല്‍.
ഫെഡററുടെ വാക്കുകളിങ്ങനെ... ''എന്തൊരു മത്സരമായിരുന്നത്. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടി റെക്കോര്‍ഡിട്ട എന്റെ സുഹൃത്തും കോര്‍ട്ടിലെ ശത്രുവുമായ നദാലിന് അഭിനന്ദങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ രണ്ട് പേരും കരിയര്‍ പൂര്‍ത്തിയായതിനെ കുറിച്ച് തമാശയോടെ സംസാരിക്കുമായിരുന്നു. എന്നാല്‍ അവിശ്വസനീയമെന്നേ പറയേണ്ടു. നിങ്ങളുടെ സമര്‍പ്പണം, പിടിച്ചുനില്‍ക്കാനുള്ള കരുത്ത്... എല്ലാം അഭിനന്ദിച്ചേ മതിയാവൂ.
ഞാനടക്കമുള്ള നിരവധി പേര്‍ക്ക് പ്രചോദനമാണ് നിങ്ങള്‍. താങ്കള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. നിങ്ങളെ നേട്ടങ്ങളിലേക്ക് തള്ളിവിടുന്നതില്‍ എനിക്കും പങ്കുണ്ടെന്നുള്ളതിലും സന്തോഷം. ഭാവിയില്‍ താങ്കള്‍ക്ക് കൂടുതല്‍ കിരീടങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഇപ്പോള്‍ ഈ നേട്ടം ആസ്വദിക്കൂ.'' ഫെഡറര്‍ കുറിച്ചിട്ടു.
ജോക്കോവിച്ചിന്റെ കുറിപ്പ് ഇങ്ങനെ... ''21ാം ഗ്രാന്‍ഡ്‌സല്ലാം നേട്ടത്തിന് അഭിനന്ദങ്ങള്‍. നിങ്ങളുടെ ചെറുത്ത്‌നില്‍പ്പ് അമ്പരപ്പിക്കുന്നതാണ്. മെദ്‌വദേവ് അദ്ദേഹത്തിന് കഴിയുന്നതെല്ലാം നല്‍കി. മനസറിഞ്ഞ് കളിച്ചു.'' ജോക്കോവിച്ച് കുറിച്ചിട്ടു.