Australian Open : വനിതകളിലെ നിലവിലെ ചാംപ്യന്‍ നവോമി ഒസാക പുറത്ത്; നദാലും സ്വെരേവും കുതിക്കുന്നു
ഒന്നാം സീഡ് ആഷ്‌ളി ബാര്‍ട്ടി, മരിയ സക്കാറി, മാര്‍ഡി കീസ്, ബാര്‍ബോറ ക്രസിക്കോവ എന്നിവര്‍ നാലാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍, അലക്‌സാണ്ടര്‍ സ്വെരേവ്, ഡെന്നിസ് ഷപോവലോവ്, മാതിയോ ബരേറ്റിനി എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി.
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ നവോമി ഒസാക മൂന്നാം റൗണ്ടില്‍ പുറത്ത്. അമേരിക്കയുടെ അമാന്‍ഡ അനിസിമോവയാണ് ജാപ്പനീസ് താരത്തെ ഒരു ത്രില്ലറില്‍ അട്ടിമറിച്ചത്. ഒന്നാം സീഡ് ആഷ്‌ളി ബാര്‍ട്ടി, മരിയ സക്കാറി, മാര്‍ഡി കീസ്, ബാര്‍ബോറ ക്രസിക്കോവ എന്നിവര്‍ നാലാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍, അലക്‌സാണ്ടര്‍ സ്വെരേവ്, ഡെന്നിസ് ഷപോവലോവ്, മാതിയോ ബരേറ്റിനി എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി.
അനിസിമോവക്കെതിരെ ആദ്യ സെറ്റ് നേടിയ ശേഷമാണ് 13-ാം സീഡ് ഒസാക തോല്‍വിയേറ്റുവാങ്ങിയത്. മൂന്നാം സെറ്റ് ടൈബ്രേക്കിലാണ് തീരുമാനമായത്. സ്‌കോര്‍ 4-6, 6-3, 7-6. ആതിഥേയ താരം ബാര്‍ട്ടി 6-2, 6-3ന് ഇറ്റലിയുടെ കാമില ജോര്‍ജിയെ തോല്‍പ്പിച്ചു. ഗ്രീക്ക് താരം സക്കാറി 4-6, 1-6ന് റഷ്യയുടെ വെറോണിക്ക കുഡര്‍മെറ്റോവയെ തകര്‍ത്തു.
മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ യെലേന ഒസ്റ്റപെങ്കോയെ മറികടന്നാണ് നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ക്രസിക്കോവ നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 2-6, 6-4, 6-4. അമേരിക്കയുടെ മാര്‍ഡി കീസ് 4-6, 6-3, 7-6 എന്ന സ്‌കോറിന് ചൈനയുടെ വാങ് ക്വിയാങ്ങിനെ തോല്‍പ്പിച്ചു.
റഷ്യന്‍ താരം കരേണ്‍ ഖച്ചനോവിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍ 3-6, 2-6, 6-3, 6-1. റഷ്യയുടെ തന്നെ അസ്ലന്‍ കരറ്റ്‌സേവിനെ തോല്‍പ്പിച്ച ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാരിയോയാണ് നദാലിന്റെ എതിരാളി. സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കറാസിന്റെ കടുത്ത വെല്ലുവിളിയാണ് ബരേറ്റിനി മറികടന്നത്.
ആദ്യ രണ്ട് വഴങ്ങിയ ശേഷമായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 2-6, 6-7, 6-4, 6-2, 6-7. ജര്‍മന്‍ താരം സ്വെരേവ് മാള്‍ഡോവയുടെ റാഡു അല്‍ബോട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍ 6-3, 6-4, 6-4. കാനഡയുടെ ഷപോവലോവ് 6-7, 6-4, 3-6, 4-6ന് അമേരിക്കയുടെ റീലി ഒപെല്‍ക്കയെ മറികടന്നു.