ഓസ്‍ട്രേലിയൻ ഓപ്പണ്‍: റിബക്കിന-സബലെങ്ക ഫൈനൽ ഉറപ്പായി
ആദ്യ സെമിയിൽ വിക്ടോറിയ അസറെങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കസഖിസ്ഥാൻ താരം എലേന റിബാക്കിന ഫൈനലില്‍ കടന്നത്
മെല്‍ബണ്‍: ഓസ്‍ട്രേലിയൻ ഓപ്പണ്‍ ടെന്നിസ് വനിതകളില്‍ റിബക്കിന-സബലെങ്ക ഫൈനൽ. സെമിയിൽ വിക്ടോറിയ അസറെങ്കയെ എലേന റിബാക്കിന തോല്‍പിച്ചപ്പോള്‍ മാഗ്‍ഡ ലിനറ്റിനെ പരാജയപ്പെടുത്തിയാണ് അറീന സബലെങ്ക ഫൈനലിലെത്തിയത്. കലാശപ്പോരാട്ടം ശനിയാഴ്‌ച നടക്കും.
ആദ്യ സെമിയിൽ വിക്ടോറിയ അസറെങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കസഖിസ്ഥാൻ താരം എലേന റിബാക്കിന ഫൈനലില്‍ കടന്നത്. സ്കോർ 7-6, 6-3. ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കസഖ് വനിതയാണ് എലേന റിബക്കിന. നിലവിലെ വിംബിൾഡൺ ചാമ്പ്യൻ കൂടിയാണ് എലേന റിബക്കിന. രണ്ടാം സെമിയിൽ മാഗ്‍ഡ ലിനറ്റിനെ 7-6, 6-2 എന്ന സ്‌കോറില്‍ അറീന സബലെങ്ക തോല്‍പിക്കുകയായിരുന്നു.
പുരുഷ സെമി നാളെ
ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സെമികള്‍ നാളെ നടക്കും. ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ തിരിച്ചുവരവാണ് നൊവാക് ജോക്കോവിച്ച് ഇത്തവണ നടത്തിയത്. ജോക്കോവിച്ചിനൊപ്പം സെമിയിലെത്തിയ മറ്റ് മൂന്ന് താരങ്ങളും ഒരു ഗ്രാൻസ്ലാം കിരീടം പോലും നേടാത്തവരാണ്. സെമിയിൽ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ടോമി പോളാണ് ജോക്കോവിച്ചിന്‍റെ എതിരാളി.
ഒരു വർഷം മുൻപ് കൊവിഡ് വാക്സീന്‍റെ പേരിൽ ഓസ്ട്രേലിയ വിടേണ്ടിവന്ന ജോക്കോവിച്ചിന് ഇത്തവണ ടൂർണമെന്‍റിന് തൊട്ട് മുൻപാണ് വീസ അനുവദിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയാൽ ഏറ്റവുമധികം ഗ്ലാൻസ്ലാം കിരീടമെന്ന റാഫേൽ നദാലിന്‍റെ നേട്ടത്തിനൊപ്പമെത്താം സെർബിയൻ താരത്തിന്. നിലവിലെ ചാമ്പ്യൻ റാഫേൽ നദാലും റണ്ണറപ്പ് ദാനിൽ മെദ്‍വദേവുമെല്ലാം നേരത്തെയവസാനിപ്പിച്ച ടൂർണമെന്‍റിൽ റാങ്കിംഗിൽ മുന്നിലുള്ള ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപാസ് മാത്രമാണ് ജോക്കോവിച്ചിന് വെല്ലുവിളിയുയർത്താൻ പോന്ന താരം. സെമിയില്‍ കരേന്‍ ഹച്ചാനോഫ് ആണ് സിറ്റ്സിപാസിന് എതിരാളി.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍