Australian Open 2022 : തോല്‍വിയോടെ ഓസ്ട്രേലിയൻ ഓപ്പണിനോട് വിടചൊല്ലി സാനിയ മിര്‍സ
ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനും സ്‌പാനിഷ് താരവുമായ റാഫേൽ നദാൽ സെമി ഫൈനലിൽ കടന്നു
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ (Australian Open 2022) സാനിയ മിർസ-രാജീവ് റാം (Sania Mirza- Rajeev Ram) സഖ്യം പുറത്ത്. മിക്സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ സാനിയ സഖ്യം ഓസ്ട്രേലിയൻ താരങ്ങളായ ജേസണ്‍ കുബ്ലര്‍-ജെയ്‌മി ഫൗര്‍ലിസ് (Jason Kubler- Jaimee Fourlis) എന്നിവരോട് തോറ്റു. നേരിട്ടുളള സെറ്റുകൾക്കായിരുന്ന ഓസീസ് താരങ്ങളുടെ ജയം. സ്കോർ: 6-4, 7-6.
മുപ്പത്തിയഞ്ചുകാരിയായ സാനിയയുടെ കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണാണിത്. മുമ്പ് രണ്ട് തവണ സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ചാമ്പ്യനായിട്ടുണ്ട്. സീസണിന് അവസാനം വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനും സ്‌പാനിഷ് താരവുമായ റാഫേൽ നദാൽ സെമി ഫൈനലിൽ കടന്നു. കനേഡിയന്‍ താരമായ ഡെനിസ് ഷപ്പോവലോവിനെ 6-3, 6-4, 4-6, 3-6, 6-3 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ആദ്യ രണ്ട് സെറ്റും നേടിയ ശേഷം ഷപ്പോവലോവിന്‍റെ തിരിച്ചുവരവ് അതിജീവിച്ചാണ് റാഫയുടെ ജയം. നദാല്‍ ആറാം സീഡും ഷപ്പോവലോവ് 14-ാം സീഡുമാണ്. 2009ല്‍ ഓസ്ട്രേലിയന്‍ ഓപ്പൺ ജയിച്ച നദാലാണ് പുരുഷ വിഭാഗത്തിൽ അവശേഷിക്കുന്ന ഏക മുന്‍ ചാമ്പ്യന്‍.
രണ്ടാം മത്സരത്തിൽ ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനിയും 17-ാം സീഡ് ഗെയിൽ മോന്‍ഫില്‍സും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.45നാണ് മത്സരം തുടങ്ങുന്നത്. ഇരുവരും ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ സെമിഫൈനലാണ് ലക്ഷ്യമിടുന്നത്.