Australian Open 2022 : 'കോർട്ടില്‍' ജയിച്ച നൊവാക് ജോക്കോവിച്ച് കളത്തിലിറങ്ങുമോ; നിർണായക തീരുമാനം ഇന്ന്
കൊവിഡ് വാക്സീന്‍ എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ ജോക്കോവിച്ചിന്‍റെ വീസ റദ്ദാക്കിയ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു
മെല്‍ബണ്‍: സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് (Novak Djokovic) ഓസ്ട്രേലിയയിൽ (Australian Open 2022) തുടരാനാകുമോയെന്ന് ഇന്നറിയാം. ജോക്കോവിച്ചിന്‍റെ വീസ വീണ്ടും റദ്ദാക്കുന്നതിൽ ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി അലക്സ് ഹോക്ക് (Alex Hawke) ഇന്ന് തീരുമാനം എടുത്തേക്കും. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാകും അന്തിമ തീരുമാനം എന്ന് ഇന്നലെ ഹോക്കിന്‍റെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
കൊവിഡ് വാക്സീന്‍ എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ ജോക്കോവിച്ചിന്‍റെ വീസ റദ്ദാക്കിയ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു. അതിനിടെ ഓസ്ട്രേലിയന്‍ ഓപ്പൺ കോര്‍ട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങി. തിങ്കളാഴ്ച തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ ജോക്കോവിച്ചിനെ ടോപ് സീഡായി പ്രഖ്യാപിച്ചിട്ടുണ്ട്.
പുരുഷന്‍മാരുടെ സീഡ്
1. Novak Djokovic (SRB)
2. Daniil Medvedev (RUS)
3. Alexander Zverev (GER)
4. Stefanos Tsitsipas (GRE)
5. Andrey Rublev (RUS)
6. Rafael Nadal (ESP)
7. Matteo Berrettini (ITA)
8. Casper Ruud (NOR)
9. Felix Auger-Aliassime (CAN)
10. Hubert Hurkacz (POL)
കൊവിഡ് വാക്സീനെടുക്കാത്തതിന്‍റെ പേരില്‍ ജോക്കോവിച്ചിന് വീസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം പാർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജോക്കോ കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താനിറങ്ങാന്‍ അവകാശം നേടിയെടുത്തത്. മത്സരത്തിനിറങ്ങാന്‍ കോടതി അനുമതി ലഭിച്ചെങ്കിലും ജോക്കോവിച്ചിന്‍റെ വീസ വീണ്ടും റദ്ദാക്കിയേക്കുമെന്നും തിരിച്ചയക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടൂര്‍ണമെന്‍റിലെ സീഡിംഗ് പ്രഖ്യാപിച്ചത്.
Australian Open: 'കോര്‍ട്ടി'ല്‍ ജോക്കോവിച്ചിന് ആദ്യ റൗണ്ട് ജയം, മത്സരിക്കാന്‍ കോടതി അനുമതി