Australian Open 2022 : ചെയര്‍ അംപയറോട് അസഭ്യം; ഡാനിൽ മെദ്‍വദേവിന് 12,000 ഡോളര്‍ പിഴ
അംപയറെ അധിക്ഷേപിച്ചത് പിഴവായെന്ന് മത്സരശേഷം റഷ്യന്‍ താരം സമ്മതിച്ചിരുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ (Australian Open 2022) സെമിക്കിടെ ചെയര്‍ അംപയറോട് കയര്‍ത്ത റഷ്യന്‍ താരം ഡാനിൽ മെദ്‍വദേവിന് (Daniil Medvedev) പിഴശിക്ഷ. 12,000 ഡോളറാണ് പിഴ ചുമത്തിയത്. അസഭ്യം പറഞ്ഞതിന് 8000 ഡോളറും കായിക താരത്തിന് ചേരാത്ത പെരുമാറ്റത്തിന് 4000 ഡോളറുമാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
സിറ്റ്സിപാസിന് അച്ഛന്‍ മത്സരത്തിനിടെ നിര്‍ദേശങ്ങള്‍ നൽകിയിട്ടും നടപടി എടുക്കാത്തതിലാണ് അംപയര്‍ക്കെതിരെ മെദ്‍വദേവ് പൊട്ടിത്തെറിച്ചത്. അംപയറെ അധിക്ഷേപിച്ചത് പിഴവായെന്ന് മത്സരശേഷം റഷ്യന്‍ താരം സമ്മതിച്ചിരുന്നു. 22 ദശലക്ഷം ഡോളറാണ് മെദ്‍വദേവിന് കരിയറില്‍ ഇതുവരെ പ്രൈസ് മണിയായി ലഭിച്ചിട്ടുള്ളത്. ഫൈനലിൽ ജയിച്ചാൽ 20 ലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിക്കും.
നദാലിനെ തടയുമോ മെദ്‍വദേവ്
ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന ഫൈനലില്‍ റഷ്യന്‍ താരം ദാനില്‍ മെദ്‍വദേവും സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഏറ്റുമുട്ടും. മെദ്‍വദേവ് രണ്ടാം സീഡും നദാല്‍ ആറാം സീഡുമാണ്. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലൂടെ ചരിത്രനേട്ടത്തിലെത്താനാണ് നദാലിന്‍റെ ശ്രമം. ഇരുവരും ഇതിന് മുന്‍പ് ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ മൂന്നിലും നദാല്‍ ആണ് ജയിച്ചത്.
തുടര്‍ച്ചയായി രണ്ട് ഗ്രാന്‍ഡ്‌സ്ലാമുകളില്‍ നിന്ന് കരിയറിലെ ആദ്യ രണ്ട് മേജര്‍ ട്രോഫി നേടുകയാണ് മെദ്‍വദേവിന്‍റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ അവസാന സ്ലാമായ യുഎസ് ഓപ്പണിൽ മെദ്‍വദേവ് ചാമ്പ്യനായിരുന്നു. അന്ന് കലണ്ടര്‍സ്ലാം ലക്ഷ്യമിട്ടിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ തടയാന്‍ മെദ്‍വദേവിന് കഴിഞ്ഞു.