ATP Ranking : റാങ്കിംഗിലും ജോക്കോവിച്ചിന് തിരിച്ചടിയുണ്ടാവും; രണ്ട് ജയമകലെ സ്വെരേവിന് ഒന്നാം റാങ്ക്
ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ കിരീടം നേടിയാല്‍ 2000വും ഫൈനലിലെത്തിയാല്‍ 1200ഉം സെമിയില്‍ പുറത്തായാല്‍ 720ഉം ക്വാര്‍ട്ടറില്‍ അവസാനിച്ചാല്‍ 360ഉം എടിപി പോയിന്റാണ് ലഭിക്കുക.
പാരിസ്: ലോക ടെന്നിസ് റാങ്കിംഗില്‍ നൊവാക് ജോക്കോവിച്ചിന്റെ (Novak Djokovic) അപ്രമാധിത്യത്തിന് അവസാനമാവുകയാണ്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം ആര് നേടിയാലും ജോക്കോവിച്ചിന്റെ ഒന്നാം റാങ്കിന് ഇനി ദിവസങ്ങളുടെ ആയുസ് മാത്രം. എടിപി റാങ്കിംഗില്‍ നിലവില്‍ 8660 പോയിന്റുമായാണ് സെര്‍ബിയന്‍ താരമായ ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നത്. റഷ്യക്കാരന്‍ ദാനില്‍ മെദ്‌വദേവ് രണ്ടും ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് (Zverev) മൂന്നും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് (Tsitsipas) നാലും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ അഞ്ചും സ്ഥാനത്തുണ്ട്.
ഫ്രഞ്ച് ഓപ്പണില്‍ ഇവര്‍ അഞ്ച് പേരും കളിച്ചെങ്കിലും അലക്‌സാണ്ടര്‍ സ്വരേവും റാഫേല്‍ നദാലും മാത്രമാണ് സെമിയിലേക്ക് മുന്നേറിയത്. ജൂണ്‍ 6ന് പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മാറ്റമാണ് ഏവരും ഉറ്റുനോക്കുന്നത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ കിരീടം നേടിയാല്‍ 2000വും ഫൈനലിലെത്തിയാല്‍ 1200ഉം സെമിയില്‍ പുറത്തായാല്‍ 720ഉം ക്വാര്‍ട്ടറില്‍ അവസാനിച്ചാല്‍ 360ഉം എടിപി പോയിന്റാണ് ലഭിക്കുക.
ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനോട് തോറ്റതോടെ 2021ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായി നൊവാക് ജോക്കോവിച്ച് സ്വന്തമാക്കിയ 2000 എടിപി പോയിന്റ് നഷ്ടമാകുമെന്നുറപ്പായി. രണ്ടാം റാങ്കിലുള്ള മെദ്‌വദേവും പുറത്തായതോടെ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വരേവിന്റെ പ്രകടനമാണ് റാങ്കിംഗില്‍ ഇനി നിര്‍ണായകം. ജൂണ്‍ 5നാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍. ഇത്തവണ അലക്‌സാണ്ടര്‍ സ്വരേവ് കിരീടം നേടിയാല്‍ തൊട്ടടുത്ത ദിവസം പുറത്തിറങ്ങുന്ന എടിപി റാങ്കിംഗില്‍ തന്നെ ജോക്കോവിച്ചിന് ഒന്നാംസ്ഥാനം നഷ്ടമാകും.
സ്വരേവ് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമാകും. ജോക്കോവിച്ച് രണ്ടും മെദ്‌വദേവ് മൂന്നും റാങ്കിലെത്തും. 13ന് റാങ്കിംഗ് വീണ്ടും പുതുക്കുമ്പോള്‍ രണ്ടാം സ്ഥാനം മെദ്‌വദേവിന് നല്‍കേണ്ടി വരും ജോക്കോവിച്ചിന്. ഇനി ഫൈനലിലാണ് സ്വരേവ് തോല്‍ക്കുന്നതെങ്കിലും ജോക്കോവിച്ചിന് തിരിച്ചടിയാണ്. ആറാം തീയതി ഒന്നാം സ്ഥാനം നിലനിര്‍ത്താനാകുമെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം മെദ്‌വദേവ് ഒന്നാം സ്ഥാനത്തെത്തും. ജോക്കോവിച്ച് മൂന്നാം സ്ഥാനത്തേക്ക് വീഴും.
സെമിയില്‍ റാഫേല്‍ നദാല്‍ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാല്‍ സമീപകാലത്തെ വലിയ തിരിച്ചടിയാകും ജോക്കോവിച്ച് നേരിടുക.
ആറാം തീയതിയുള്ള റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകുമെങ്കിലും പതിമൂന്നിന് പുതിയ പട്ടിക വരുമ്പോള്‍ ആദ്യ മൂന്നില്‍ നിന്ന് പോലും പുറത്താകാനുള്ള സാധ്യതയും മുന്നിലുണ്ട്.