പറഞ്ഞുപറ്റിച്ചു, പാരിതോഷികം നൽകിയില്ല; മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറേണ്ടിവരുമെന്ന് ഏഷ്യൻ ഗെയിംസ് ജേതാക്കൾ
ക്യാഷ് പ്രൈസ് ഒരാഴ്ചക്കകം അക്കൗണ്ടിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്റെ ഉറപ്പ്. എന്നാൽ ഒന്നര മാസം പിന്നിട്ടു. ഇതുവരെ 11 താരങ്ങൾക്കും പണം കിട്ടിയില്ല.
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ പറഞ്ഞുപറ്റിച്ചു സംസ്ഥാന സര്‍ക്കാര്‍. പ്രഖ്യാപിച്ച പാരിതോഷികം ഒന്നര മാസം കഴിഞ്ഞിട്ടും നൽകിയില്ല. ഇനിയും കാത്തിരുന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ആൻസി സോജൻ അടക്കമുള്ള താരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ ചൂടാറാതെ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ കേരള സര്‍ക്കാരെടുത്തത് പത്ത് ദിവസം. അതും താരങ്ങൾ പരാതിപ്പെടുകയും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുമെന്നും പറഞ്ഞപ്പോൾ മാത്രം. ഒക്ടോബര്‍ 19ന് തിരുവനന്തപുരത്ത് വച്ചായിരുന്നു പുരസ്കാരദാന ചടങ്ങ്. എന്നാൽ പ്രതീക്ഷയോടെ എത്തിയ താരങ്ങൾക്ക് കയ്യിൽ കിട്ടിയത് മൊമന്റോ മാത്രം.
ക്യാഷ് പ്രൈസ് ഒരാഴ്ചക്കകം അക്കൗണ്ടിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പ് നല്‍കി. എന്നാൽ ഒന്നര മാസം പിന്നിട്ടു. ഇതുവരെ 11 താരങ്ങൾക്കും പണം കിട്ടിയില്ല. കേരളത്തില്‍ ആര്‍ക്കും ഇതുവരെ ക്യാഷ് പ്രൈസ് കിട്ടിയില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇതിനകം ലഭിച്ചെന്നും വെള്ളി മെഡല്‍ ജേതാവ് ആൻസി സോജൻ പറഞ്ഞു.
പരാതി പറഞ്ഞ് മടുത്തെന്നും ഇനിയും ചോദിച്ച് നാണം കെടാനില്ലെന്നുമുള്ള നിലപാടിലാണ് ജിൻസൻ ജോണ്‍സൻ ഉൾപ്പെടെയുള്ള മെഡൽ ജേതാക്കൾ. ഇനിയും സര്‍ക്കാരിനെ വിശ്വസിച്ചിരിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനുള്ള വഴി നോക്കുമെന്ന് മറ്റു ചില മെഡലിസ്റ്റുകള്‍ പറയുന്നു.