ഇന്ത്യ 1-3ന് പിന്നില്‍ നില്‍ക്കെ സ്റ്റേഡിയത്തില്‍ വന്ദേമാതരം മുഴങ്ങി, പിന്നെ കണ്ടത് അവിശ്വസനീയ തിരിച്ചുവരവ്
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയെയും മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പകരം സ്റ്റാര്‍ട്ടിംഗ് ഇളവനില്‍ ഇറങ്ങിയ കൃഷന്‍ ബഹാദുര്‍ പഥക്കിനെയും നിഷ്പ്രഭനാക്കി മലേഷ്യ ലീഡെടുത്തു.
ചെന്നൈ: ഇന്നലെ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ജപ്പാനെയും പാക്കിസ്ഥാനെയും മലര്‍ത്തിയടിച്ചെത്തി ഇന്ത്യ മലേഷ്യക്കെതിരെ അനായാസ ജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ പ്രതീക്ഷിച്ചപ്പോലെ ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ഹര്‍മന്‍പ്രീത് സിംഗായിരുന്നു ഇന്ത്യക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ആദ്യ ഗോള്‍ വീണതോടെ ദക്ഷിണ കൊറിയയെ വീഴ്ത്തിയെത്തിയ മലേഷ്യ പോരാട്ടവീര്യം വീണ്ടെടുത്തു. അഞ്ച് മിനിറ്റിനകം സമനില ഗോള്‍ വന്നു. അസുവാന്‍ ഹസനാണ് മലേഷ്യക്ക് സമനില സമ്മാനിച്ചത്.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയെയും മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പകരം സ്റ്റാര്‍ട്ടിംഗ് ഇളവനില്‍ ഇറങ്ങിയ കൃഷന്‍ ബഹാദുര്‍ പഥക്കിനെയും നിഷ്പ്രഭനാക്കി മലേഷ്യ ലീഡെടുത്തു. ഷെല്ലോ സില്‍വേറിയസായിരുന്നു മലേഷ്യക്ക് ലീഡ് നല്‍കിയത്. രണ്ടാം ക്വാര്‍ട്ടര്‍ തീരും മുമ്പ് വീണ്ടും മലേഷ്യയുടെ പ്രഹരം. മുഹമ്മദ് അമിനുദ്ദീനായിണ് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കുമേല്‍ വെള്ളമൊഴിച്ച് മൂന്നാം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 3-1ന് മുന്നിലെത്തിയതോടെ മലേഷ്യ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു.
എന്നാല്‍ മത്സരത്തിന്‍റെ ഇടവേളയില്‍ സ്റ്റേഡിയത്തില്‍ ഉച്ചത്തില്‍ മുഴങ്ങിയ വന്ദേമാതരം ഇന്ത്യ താരങ്ങളുടെ പോരാട്ടവീര്യത്തെ തൊട്ടുണര്‍ത്തുന്നതായിരുന്നു. സ്റ്റേഡിയത്തില്‍ മുഴങ്ങിയ ഗാനത്തിനൊപ്പം ആരാധകരും ഒപ്പം ചേര്‍ന്നതോടെ തിരിച്ചടിക്കാനുള്ള ഊര്‍ജ്ജത്തോടെയാണ് ഇന്ത്യ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ടു മുമ്പ് ഇന്ത്യ ഹര്‍മന്‍പ്രീതിലൂടെയും ഗുര്‍ജന്ത് സിംഗിലൂടെയും രണ്ട് ഗോള്‍ തിരിച്ചടിച്ച് മലേഷ്യയ്ക്കൊപ്പമെത്തി.
ഇതോടെ സ്റ്റേഡിയത്തിലെ കാണികള്‍ ആവശത്തിന്‍റെ പരകോടിയിലായി. സ്റ്റേഡിയത്തില്‍ വീണ്ടും വന്ദേമാതരം മുഴങ്ങി. ഒടുവില്‍ 56-ാം മിനിറ്റില്‍ അക്ഷദീപ് സിംഗിലൂടെ ഇന്ത്യയുടെ വിജയഗോള്‍ പിറന്നപ്പോള്‍ സ്റ്റേഡിയം അവേശക്കടലായി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ നാലാം കിരീടമാണിത്.