Asian Champions Trophy hockey: സെമിയില്‍ ഇന്ത്യയെ അട്ടിമറിച്ച് ജപ്പാന്‍ ഫൈനലില്‍
നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചിനെതിരെ ആറ് ഗോളിന് തോല്‍പ്പിച്ച ദക്ഷിണ കൊറിയ ആണ് ഫൈനലില്‍ ജപ്പാന്‍റെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ജപ്പാന്‍റെ വേഗത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ഇന്ത്യ 2-0ന് പിന്നിലായിപ്പോയിരുന്നു.
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി(Asian Champions Trophy hockey) സെമിയില്‍ ജപ്പാനോട്(India vs Japan) അപ്രതീക്ഷിത തോല്‍വി വഴങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പുറത്ത്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജപ്പാന്‍റെ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ 6-0ന് തകര്‍ത്തുവിട്ടതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയെ വാരിക്കളയുന്ന പ്രകടനമാണ് ജപ്പാന്‍ നിര്‍ണായക പോരാട്ടത്തില്‍ പുറത്തെടുത്തത്. ബുധനാഴ്ച നടക്കുന്ന മൂന്നാം സഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.
നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചിനെതിരെ ആറ് ഗോളിന് തോല്‍പ്പിച്ച ദക്ഷിണ കൊറിയ ആണ് ഫൈനലില്‍ ജപ്പാന്‍റെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ജപ്പാന്‍റെ വേഗത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ഇന്ത്യ 2-0ന് പിന്നിലായിപ്പോയിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ പെനല്‍റ്റി സ്ട്രോക്കില്‍ ഷോട്ട യമഡയിലൂടെ മുന്നിലെത്തിയ ജപ്പാന്‍ രണ്ടാം മിനിറ്റില്‍ റൈക്കി ഫുജിഷിമയിലൂടെ രണ്ട് ഗോളിന് മുന്നിലെത്തിയത് ഇന്ത്യയെ തളര്‍ത്തി.
രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ ദില്‍പ്രീത് സിംഗിലൂടെ ഒരു ഗോള്‍ ഇന്ത്യ മടക്കിയെങ്കിലും രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് യോഷികി കിരിഷ്ട ജപ്പാന് വീണ്ടും രണ്ട് ഗോളിന്‍റെ ലീഡ് സമ്മാനിച്ചു. മൂന്നാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ കോസി കവാബെയിലൂടെ ലീഡുയര്‍ത്തിയ ജപ്പാന്‍ 41-ാം മിനിറ്റില്‍ ഊക്ക റ്യോമയിലൂടെ ജയമുറപ്പിച്ച അഞ്ചാം ഗോളും നേടി. നാലാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് സിംഗ് ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വിഭാരം കുറക്കാനെ അതുകൊണ്ടായുള്ളു.
ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-2ന്‍റെ സമനില വഴങ്ങിയ ഇന്ത്യ തുടര്‍കളികളില്‍ ബംഗ്ലാദേശ്(9-0), പാകിസ്ഥാന്‍(3-1), ജപ്പാന്‍(6-0) ടീമുകളെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. 2018ല്‍ മസ്കറ്റില്‍ വെച്ചു നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥമൂലം മത്സരം ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.