Asian Champions Trophy hockey: ആവേശപ്പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ മിനിറ്റില്‍ തന്നെ ഒന്നിനു പുറകെ ഒന്നായി നാലു പെനല്‍റ്റി കോര്‍ണറുകള്‍ നേടി പാക്കിസ്ഥാനെ വിറപ്പിച്ചു. നാലാമത്തെ പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഹര്‍മന്‍പ്രീത് ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യയെ മുന്നിലെത്തിക്കുകയും ചെയ്തു.

Asian Champions Trophy 2021: India beat Pakistan to clinch bronze medal

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി(Asian Champions Trophy hockey)യില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ(IND v PAK). മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ആവേശജയം. ഹര്‍മന്‍പ്രീത് സിംഗ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ അര്‍ഫ്രാസ്, അബ്ദുള്‍ റാണ, നദീം എന്നിവരാണ് പാക്കിസ്ഥാനുവേണ്ടി ഗോളടിച്ചത്.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ മിനിറ്റില്‍ തന്നെ ഒന്നിനു പുറകെ ഒന്നായി നാലു പെനല്‍റ്റി കോര്‍ണറുകള്‍ നേടി പാക്കിസ്ഥാനെ വിറപ്പിച്ചു. നാലാമത്തെ പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഹര്‍മന്‍പ്രീത് ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യയെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ 11-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് അര്‍ഫ്രാസ് പാക്കിസ്ഥാന് സമനില സമ്മാനിച്ചു.

മൂന്നാം ക്വാര്‍ട്ടറില്‍ അബ്ദുള്‍ റാണ പാക്കിസ്ഥാന് ലീഡ് സമ്മാനിച്ച് ഇന്ത്യയെ ഞെട്ടിച്ചു. 33-ാം മിനിറ്റിലായിരുന്നു പാക്കിസ്ഥാന്‍റെ ഗോള്‍. എന്നാല്‍ 12 മിനിറ്റിനകം സുമിത്തിലൂടെ ഗോള്‍ മടക്കി ഇന്ത്യ സമനില പിടിച്ചു. 53-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിട്ട് വരുണ്‍ കുമാര്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ആകാശ്ദീപ് സിംഗ് ഇന്ത്യക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ച് വിജയം ഉറപ്പാക്കിയെങ്കിലും അവസാന നിമിഷം നദീമിലൂടെ ഒരു ഗോള്‍ മടക്കി പാക്കിസ്ഥാന്‍ തോല്‍വിഭാരം കുറച്ചു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാനെ 3-1ന് തകര്‍ത്തിരുന്നു. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാനെതിരെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് മൂന്നാം സ്ഥാനക്കാരാവേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ജപ്പാനെ 6-0ന് തകര്‍ത്തുവിട്ടിരുന്നു.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-2ന്‍റെ സമനില വഴങ്ങിയ ഇന്ത്യ തുടര്‍കളികളില്‍ ബംഗ്ലാദേശ്(9-0), പാകിസ്ഥാന്‍(3-1), ജപ്പാന്‍(6-0) ടീമുകളെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. 2018ല്‍ മസ്കറ്റില്‍ വെച്ചു നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥമൂലം മത്സരം ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios