ഒളിംപിക് സ്വര്‍ണം നേടിയ അര്‍ഷാദിന് പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സമ്മാനം 10 കോടി, ഹോണ്ട സിവിക് കാറും

സമ്മാനമായി നല്‍കിയ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് അര്‍ഷാദ് ഒളിംപിക്സില്‍ താണ്ടിയ 92.97 മീറ്റര്‍ ദൂരത്തെ സൂചിപ്പിക്കുന്നതാണ്.

Arshad Nadeem gifted10 Crore Pakistan Rupees And Honda Civic Car

കറാച്ചി: ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്തള്ളി ഒളിംപിക്സ് പുരുഷ വിഭാലം ജാവലിന്‍ ത്രോയിൽ സ്വര്‍ണം നേടിയ അര്‍ഷാദ് നദീമിന് പത്തു കോടി പാകിസ്ഥാനി രൂപ സമ്മാനം പ്രഖ്യാപിച്ച് പാകിസ്ഥാനിലെ പ‍ഞ്ചാബ് മുഖ്യമന്ത്രിയായ മറിയം നവാസ് ഷെരീഫ്. പത്ത് കോടി പാകിസ്ഥാനി രൂപക്ക് പുറമെ ഒളിംപിക് നമ്പര്‍ പ്ലേറ്റുള്ള ഹോണ്ട സിവിക് കാറും അര്‍ഷാദിന് മുഖ്യമന്ത്രി സമ്മാനമായി നല്‍കി. അര്‍ഷാദിന്‍റെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി സമ്മാനം നല്‍കിയത്.

സമ്മാനമായി നല്‍കിയ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് അര്‍ഷാദ് ഒളിംപിക്സില്‍ താണ്ടിയ 92.97 മീറ്റര്‍ ദൂരത്തെ സൂചിപ്പിക്കുന്നതാണ്. നേരത്തെ പാക് വ്യവസായിഅലി ഷെയ്ഖാനി അര്‍ഷാദിന് ആള്‍ട്ടോ കാര്‍ സമ്മാനമായി പ്രഖ്യാപിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ഷാദിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നായിരുന്നു ആരോപണം.

ഒളിംപിക് സ്വര്‍ണം നേടി നാട്ടിലെത്തി അര്‍ഷാദിന് അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് എരുമയെ സമ്മാനമായി നല്‍കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അര്‍ഷാദിന്‍റെ ഭാര്യ പിതാവായ മുഹമ്മദ് നവാസാണ് ഒളിംപിക് ചാമ്പ്യന് എരുമയെ സമ്മാനമായി നല്‍കിയത്. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്ന് നവാസ് വ്യക്തമാക്കിയിരുന്നു.    

ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 92.97 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍ഷാദ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. ഒലിംപിക് സ്വര്‍ണം നേടിയ ശേഷം പാകിസ്ഥാനിലെത്തിയ അര്‍ഷാദിന് വിരോചിത വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഞായറാഴ്ച ലാഹോര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ അര്‍ഷാദ് വന്ന വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയിട്ടും ആയിരക്കണക്കിനാരാധകരാണ് അര്‍ഷാദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios