ഇറാഖിനെതിരെ വമ്പന്‍ ജയവുമായി അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്, സ്പെയിന്‍ ക്വാര്‍ട്ടറില്‍
ഗോൾ ശരാശരിയിൽ അർജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുക്രൈനാണ് അർജന്‍റീനയുടെ എതിരാളികൾ.
പാരീസ്: ഒളിംപിക്സ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന. രണ്ടാം മത്സരത്തില്‍ ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അർജന്‍റീനയുടെ ജയം.പതിമൂന്നാം മിനിറ്റില്‍ തിയാഗോ അല്‍മാഡയാണ് അര്‍ജന്‍റീനയ്ക്കായി ഗോളടി തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇറാഖ് ഒപ്പമെത്തി. അയ്‌മെൻ ഹുസൈനാണ് ഗോള്‍ നേടിയത്.
62-ാം മിനിറ്റില്‍ ലൂസിയാനോ ഗുണ്ടോയും എണ്‍പത്തിയഞ്ചാം മിനിറ്റില്‍ എസ്ക്വേയ്ൽ ഫെർണാണ്ടസും അര്‍ജന്‍റീനക്കായി ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട അര്‍ജന്‍റീനയ്ക്ക് ഈ ജയം വലിയ ആവേശമായി. ഗ്രൂപ്പ് ബിയിൽ അർജന്‍റീന, മൊറോക്കോ, യുക്രൈൻ, ഇറാഖ് ടീമുകൾക്ക് മുന്ന് പോയിന്‍റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ അർജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുക്രൈനാണ് അർജന്‍റീനയുടെ എതിരാളികൾ.
മറ്റൊരു മത്സരത്തില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് യൂറോ ചാമ്പ്യൻമാരായ സ്പെയിന്‍ ക്വാര്‍ട്ടറിലെത്തി. 24ാം മിനിറ്റില്‍ ഫെർമിന്‍ ലോപസിന്‍റെ ഗോളില്‍ മുന്നിലെത്തിയ സ്പെയിനിനെ 38-ാം മിനിറ്റില്‍ എയ്ഞ്ചല്‍ മോണ്ടെസ് ഡി ഓക്കയുടെ ഗോളില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് സമനിലയില്‍ പിടിച്ച് ഞെട്ടിച്ചെങ്കിലും എഡിസണ്‍ അസ്കോണ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10പേരായി ചുരുങ്ങി. അവസരം മുതലെടുത്ത സ്പെയിന്‍ 55-ാം മിനിറ്റില്‍ അലജാന്ദ്രോ ബയേനയുടെ ഗോളിലൂടെ വീണ്ടും ലീഡെടുത്തു. 70ാം മിനിറ്റില്‍ മിഗ്വേല്‍ ഗ്വിട്ടിറെസ് സ്പെയിനിന്‍റെ ഗോള്‍പ്പട്ടിക തികച്ചു. അവസാന മത്സരത്തില്‍ ഈജിപ്താണ് സ്പെയിനിന്‍റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക